Thursday, June 5, 2008

പ്രണാമം... സുധാകര ഗുരോ...

രണ്ടു വയസിലും മൂന്നു വയസിലും പ്രവര്‍ത്തിച്ച അദ്ഭുതങ്ങളാണു ഭാരത നാട്ടിലെങ്ങുമുള്ള ആള്‍ദൈവങ്ങളുടെ അടിത്തറ. ബന്ധുക്കള്‍ പറഞ്ഞുണ്ടാക്കുന്ന കഥകളിലൂടെ കയറിക്കയറി അവര്‍ ദൈവങ്ങളാകുന്നു. പറയാന്‍ ബന്ധുക്കള്‍ തയാറായില്ലെങ്കില്‍ എന്തു ചെയ്യണം?ചോദ്യം നമ്മുടെ മന്ത്രി സുധാകരനോടാകുന്നതാകും കൂടുതല്‍ എളുപ്പം.

കലാകൗമുദി വാരികയില്‍ അദ്ദേഹം അദ്ഭുതപ്രവര്‍ത്തനങ്ങളുടെ പരമ്പരയാണു വെളിപ്പെടുത്തിയിരിക്കുന്നത്‌. സംശയമുള്ളവര്‍ക്കു ബസ്‌ സ്റ്റാന്‍ഡിലോ ബുക്ക്‌ ഷോപ്പിലോ തൂക്കിയിട്ടിരിക്കുന്ന കലാകൗമുദി കള്ളവായന നടത്തിയാല്‍ ഉത്തരം കിട്ടും. മൂന്നര വയസില്‍ രാമായണം വള്ളിപുള്ളി വിടാതെ വായിച്ച ഭക്തശിരോമണിയാണു സുധാകരന്‍. ഞാന്‍ പറയുന്നതല്ല. ബന്ധുക്കളുടെ വാമൊഴിയുമല്ല. സാക്ഷാല്‍ വിപ്ലവ നായകന്‍ സുധാകരന്‍ തന്നെ വെളിപ്പെടുത്തുന്നതാണ്‌. രാമായണത്തിലെ കൂട്ടക്ഷരങ്ങള്‍ വായിക്കാന്‍ മലയാളം മുന്‍ഷിമാര്‍ പോലും വലഞ്ഞിരുന്ന കാലത്ത്‌ മൂന്നര വയസില്‍ സര്‍വ അക്ഷരങ്ങളും സ്വായത്തമാക്കിയ സുധാകരന്‌ മുന്‍ഗാമിയായി ആരെങ്കിലുമുണ്ടോ? വിവേകാനന്ദനു പോലും ഇത്രയേറെ പ്രവര്‍ത്തനക്ഷമമായ തലച്ചോര്‍ ഉണ്ടായിരുന്നോ എന്നു സംശയം.

അവിടംകൊണ്ടു തീരുന്നില്ല. ഒന്നാം തീയതി തോറും നാട്ടിലെ നൂറുകണക്കായ ജനങ്ങള്‍ കണി കാണാന്‍ കാത്തിരുന്നതു സുധാകരനെയാണ്‌. അങ്ങനെ കണ്ടു വന്നവരാണ്‌ പിന്നീടു ശബരിമലയിലും മലയാറ്റൂരും മലഞ്ചെരുവില്‍ അമ്മാ... അയ്യാ... എന്നൊക്കെ വിളിച്ചു കോടികള്‍ സമ്പാദിക്കുന്നത്‌ എന്ന്‌ അസൂയക്കാര്‍ പറഞ്ഞുണ്ടാക്കുന്നതാണ്‌. ശത്രുക്കളും അസൂയക്കാരുമാണല്ലോ എപ്പോഴും സുധാകരന്റെ ഇടത്തും വലത്തും നിന്നു താറടിക്കുന്നത്‌.

പിന്നെപ്പിന്നെ കൊച്ചു സുധാകരന്‍ വളര്‍ന്നു. സാധാരണ കുട്ടികളില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. മറ്റു കുട്ടികള്‍ തലപ്പന്തു കളിക്കുമ്പോഴും കുട്ടിയും കോലും കളിക്കുമ്പോഴും സുധാകരന്‍ വായനശാലയ്ക്കുള്ളില്‍ അടയിരുന്നു. ആയിരക്കണക്കിനു പുസ്തകങ്ങള്‍ നിറഞ്ഞ വായനശാല. അവിടെയുള്ളതില്‍ ഏറെയും വിദേശ കൃതികളുടെ പരിഭാഷകള്‍.കൊച്ചു സുധാകരന്‍ വായനയുടെ ലോകത്തായിരുന്നു. നിക്കറില്‍ നിന്നു മുണ്ടിലേക്കു കയറ്റംകിട്ടുന്ന പ്രായത്തിനു മുന്നേ അവിടെയുണ്ടായിരുന്ന പുസ്തകങ്ങളത്രയും കാണാപ്പാഠം. പരിഭാഷകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പുസ്തകങ്ങളിലെ പേജ്‌ നമ്പരും അക്ഷരത്തെറ്റും ഉള്‍പ്പെടെ എല്ലാ കാര്യത്തെക്കുറിച്ചും അറിയാന്‍ പെന്‍ഗ്വിന്‍ ബുക്സ്‌ അടക്കമുള്ളവര്‍ ആശ്രയിച്ചിരുന്നത്‌ ആ കുട്ടിയെയാണെന്ന്‌ ഒരു നാട്ടുകാരന്‍ പറഞ്ഞു. അതു പക്ഷേ വിശ്വസിക്കേണ്ട. അസൂയക്കാരനാണ്‌. അങ്ങനെ രാമായണത്തിലെ കാണ്ഡങ്ങള്‍ എല്ലാം മനപാഠമാക്കി വീടുവീടാന്തരം കണി കാണിച്ചു നടന്ന കുട്ടിക്കാലമുള്ള വേറെ ആരുണ്ട്‌ ഈ ഭൂമി മലയാളത്തില്‍?

ഗുരുവായൂരിലെ ഹരിഗോവിന്ദനെ കണ്ടതു വലിയ തെറ്റായി പറയുന്ന ബി.ജെ.പിക്കാര്‍ക്കോ സുരേന്ദ്രനോ ഇങ്ങനെയൊരു പാരമ്പര്യം അവകാശപ്പെടാനുണ്ടോ? പണ്ട്‌ തന്ത്രിക്കേസുകാലത്ത്‌ സുധാകരനു നല്ല ബുദ്ധിയുണ്ടാകാന്‍ ഹോമം നടത്തിയ നമ്പൂരാര്‍മാരില്‍ ആര്‍ക്കുണ്ട്‌ ഇത്രയേറെ മാഹാത്മ്യം?ഇനിയെങ്കിലും മനസിലാക്കുക. ഹോമങ്ങളും മന്ത്രങ്ങളുമൊന്നും ഏല്‍ക്കാത്ത മഹായോഗിയാണു സാക്ഷാല്‍ സുധാകരയോഗി.കള്ള സ്വാമിമാരെ മനസിലാക്കാന്‍ അദ്ദേഹത്തിനുള്ള കഴിവില്‍ ഇനിയെങ്കിലും ആരും സംശയം പ്രകടിപ്പിക്കാതിരിക്കുക. അതീന്ദ്രിയ ജ്ഞാനം കൂടി വശമുള്ളയാളാണല്ലോ അദ്ദേഹം.

പിന്നെ, സഹോദരന്റെ മരണത്തിനു കാരണക്കാരായ രാഷ്ട്രീയക്കാരില്‍ എന്‍എസ്‌എസിന്റെ വിദ്യാര്‍ഥി വിഭാഗവും ഉണ്ടായിരുന്ന കാര്യം അദ്ദേഹത്തിനു മറക്കാനൊക്കുമോ? അന്നത്തെ വിദ്യാര്‍ഥി നേതാവിനെ സ്വന്തം അനുയായിയാക്കി വാഴുന്ന എന്‍എസ്‌എസ്‌ നേതാക്കളെ ചീത്തവിളിക്കുന്നതിന്റെ പൊരുള്‍ മനസിലായില്ലേ?അന്നത്തെ കേസില്‍ ഉള്‍പ്പെട്ടയാളിന്റെ അച്ഛന്‍ ആര്‍എസ്പിക്കാരനാണ്‌. ദേവസ്വം ബോര്‍ഡ്‌ അംഗത്തിന്റെ നേതാവാണത്രേ അദ്ദേഹം. അപ്പോള്‍പ്പിന്നെ ദേവസ്വം ബോര്‍ഡ്‌ ശരിയാകുമോ?

ദൈവമേ, സര്‍വശക്താ...ആരറിയുന്നു നിന്റെ മനോഗതം.അങ്ങു ചെയ്യുന്ന ഓരോ കാര്യത്തിനും സാധാരണ പാമരന്‌ അപ്രാപ്യമായ പൊരുളുണ്ടല്ലോ.ഇനിയിപ്പോ, കള്ള സന്യാസിമാരുടെ ആശ്രമങ്ങള്‍ മൊത്തം പൊളിച്ചു നീക്കണം. എന്നിട്ടു വേണം ജ്ഞാനിയായ യഥാര്‍ഥ സ്വാമിയുടെ പര്‍ണശാല പണിയാന്‍.
മഹാഗുരോ... അവിടുത്തേക്ക്‌ കോടി പ്രണാമം...
പണ്ട്‌ സുധാകരന്റെ അയല്‍ദേശത്തുണ്ടായിരുന്ന സുധാമണിയാണു പിന്നീട്‌ അമൃതാനന്ദമയിയായി മാറിയതെന്ന്‌ ഓര്‍ക്കുക.