Wednesday, December 31, 2008

ചൂടുതേടിപ്പോയാല്‍ അഴിയെണ്ണാം

ചൂടന്‍ രംഗങ്ങള്‍ തേടി ഇന്‍റര്‍നെറ്റില്‍ പരതുന്നവരേ. നിങ്ങളെ കാത്തിരിക്കുന്നതു കൈവിലങ്ങും ജയിലഴികളും. കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തില്‍ തിടുക്കപ്പെട്ടു പാസാക്കിയ വിവരസാങ്കേതിക നിയമ ഭേദഗതി ബില്‍ പ്രകാരം അശ്ലീല സൈറ്റുകള്‍ പരതുന്നതു മാത്രമല്ല കുറ്റം. ആരെങ്കിലും ഇ-മെയില്‍ പാസ്‌വേഡ് അടിച്ചു മാറ്റി എന്തെങ്കിലും കുറ്റകരമായ മെയില്‍ അയച്ചാലും അകത്താവുക യഥാര്‍ഥ ഉടമയാകും. വൈറസ് കയറിയ കമ്പ്യൂട്ടറില്‍ ചിലപ്പോള്‍ മനസറിയാതെ കടന്നെത്തുന്ന അശ്ലീല ചിത്രങ്ങളും നിങ്ങളെ കുടുക്കും. സംശയം തോന്നുന്നവരുടെ വീട്ടില്‍ അനുവാദമോ വാറന്‍റോ ഇല്ലാതെ എസ്ഐ മുതലുള്ള പോലീസുകാര്‍ക്ക് യഥേഷ്ടം പ്രവേശിക്കാം. കാര്യമായ ചര്‍ച്ചയൊന്നുമില്ലാതെ പാസാക്കിയ ബില്‍ പ്രകാരം അശ്ലീല ചിത്രമോ വീഡിയോയോ കാണുന്നവര്‍ക്ക് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയും ശിക്ഷയും ലഭിക്കും. കമ്പ്യൂട്ടറുടമ അറിയാതെ ഇന്റര്‍നെറ്റിലെ അശ്ളീലചിത്രങ്ങള്‍ മറ്റാരെങ്കിലും കണ്ടു രസിച്ചാലും അഴിയെണ്ണുക ഉടമ തന്നെ. മിക്കവാറും ചെറുപ്പക്കാര്‍ പിള്ളേര്‍ ഇന്‍റര്‍നെറ്റ് ഉപേക്ഷിക്കാനുള്ള സാധ്യത കാണുന്നുണ്ട്. കൂടുതല്‍ അറിയണമെന്നുള്ളവര്‍ വാര്‍ത്താകേരളം ഡോട്ട്കോം തിരയൂ.

Friday, December 26, 2008

കണ്ടു പഠിക്കൂ സാര്‍ ബഹന്‍ജിയെ

ഉത്തര്‍പ്രദേശില്‍ നിന്നാണു പുതിയ വാര്‍ത്ത. അവിടത്തെ പൊതുമരാമത്ത് വകുപ്പിലെ ഒരു എന്‍ജിനീയറായ മനോജ് ഗുപ്തയെ ഭരണകക്ഷി എംഎല്‍എ ശേഖര്‍ തിവാരിയുടെ നേതൃത്വത്തില്‍ തല്ലിക്കൊന്നു. രാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കിയായിരുന്നു കൊലപാതകം. മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതിയുടെ ജന്മദിനാഘോഷത്തിനു പിരിവു നല്‍കാന്‍ വിസമ്മതിച്ചതാണത്രേ കൊലപാതകത്തിലെത്തിയത്.
പാവം എന്‍ജിനീയര്‍. അയാള്‍ക്ക് എന്തെങ്കിലും കൊടുത്ത് തെണ്ടാനെത്തിയ രാഷ്ട്രീയപരിഷകളെ ഒഴിവാക്കിക്കൂടായിരുന്നോ എന്നു ചിന്തിക്കുന്നെങ്കില്‍ തെറ്റി. എത്ര തുകയാകാം അദ്ദേഹത്തോടു ചോദിച്ചിരിക്കുകയെന്നത് ഇനിയും വെളിപ്പെട്ടിട്ടില്ല. ഏതായാലും ജന്മദിനത്തിനു തന്‍റെ അക്കൌണ്ടില്‍ ആയിരം കോടി രൂപ എത്തിക്കണമെന്നായിരുന്നത്രേ പാര്‍ട്ടി നേതാവായ മായാവതിയുടെ കല്പന. അക്കണക്കിനു പൊതുമരാമത്ത് എന്‍ജിനീയറോടു ചോദിച്ചിരിക്കുക നിസാര തുകയാവാന്‍ തരമില്ല. ഏതായാലും ശേഖര്‍ തിവാരി അകത്താണ്. അധികം വൈകാതെ പുറത്തിറങ്ങിയാലും അതിശയിക്കേണ്ട. മായാവതി പറഞ്ഞിട്ടുണ്ട് തന്‍റെ അധീനതയിലുള്ള പോലീസ് കേസ് അന്വേഷിക്കുമെന്ന്. പോരേ ജനാധിപത്യം.
ഇതേ ദിവസം തന്നെയാണു കേരളത്തില്‍ പുരോഗമനപരമായ ഒരു പ്രസ്താവനയുമായി ഒരു നേതാവെത്തിയത്. ബിഎസ്‌പിയിലേക്കു ചേക്കേറിയ നമ്മുടെ പഴയ നളിനി നെറ്റോ ഫെയിം നീലന്‍ തന്നെ. സാമൂഹ്യ നീതി നടപ്പാക്കുന്നതു കാണാന്‍ ഉത്തര്‍പ്രദേശിലേക്കു നോക്കണമെന്നും ഇവിടെ നിന്ന് ആരെങ്കിലുമൊക്കെ അവിടെപ്പോയി അതു കണ്ടു പഠിക്കണമെന്നുമാണു നീലന്‍റെ ആവശ്യം. ബഹുജോര്‍.
ഇപ്പോഴിവിടെ അത്യാവശ്യം തല്ലിപ്പൊളിത്തരമൊക്കെയേ രാഷ്ട്രീയക്കാര്‍ കാണിക്കുന്നുള്ളൂ. കേരളത്തിലെ ജനങ്ങളെ അവര്‍ക്ക് അല്പം ഭയമുണ്ട്. പത്രങ്ങളിലെ ഒരു വിഭാഗത്തെ ഭയക്കുകയും വേണം. അഭയയെ കൊന്നവരെ രക്ഷിക്കാന്‍ പ്രാര്‍ഥനായജ്ഞം നടത്തുന്നവരോ, കാശ്മീര്‍ ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമം നിര്‍ത്തി കണ്ണൂരില്‍ ബോംബ് പിടിച്ചു മാധ്യമശ്രദ്ധ മാറ്റാന്‍ പറഞ്ഞവരോ അതുമല്ലെങ്കില്‍ എംആര്‍ മുരളിക്കെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചവരോ ഒക്കെയേ ഇപ്പോഴുള്ളൂ.
ഉത്തര്‍പ്രദേശില്‍ പോയി നീലന്‍റെ നേതാവിന്‍റെ പ്രവര്‍ത്തനരീതി പഠിച്ചു നടപ്പാക്കാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി? ഏതായാലും അങ്ങനെയാരെങ്കിലും പഠനാര്‍ഥം യുപിയിലേക്കു പോകുന്നുണ്ടെങ്കില്‍ അവര്‍ തിരികെയെത്തുംമുമ്പു നാടു വിടണമെന്നാണ് ആലോചിക്കുന്നത്.

Tuesday, December 23, 2008

കൂട്ടുകൂടി നടക്കാം, പാട്ടും പാടി ജീവിക്കാം

കമ്പനി കൂടി നടന്നു ചീത്തയാകരുതെന്നു കുട്ടികളെ ഉപദേശിക്കാന്‍ വരട്ടെ. അതു പഴയ ചിന്ത. സുഹൃദ് വലയം വിപുലമാന്നതിലൂടെ നിങ്ങളെ കാത്തിരിക്കുന്നതു സന്തോഷം നിറഞ്ഞ ജീവിതമാണെന്നാണു പുതിയ കണ്ടെത്തല്‍. ( വിശദാംശങ്ങള്‍ വാര്‍ത്താകേരളം ഡോട്ട്കോമില്‍) രണ്ടു പേരായാല്‍ ഒരു കമ്പനി, മൂന്നു പേരായാല്‍ ആള്‍ക്കൂട്ടം എന്ന പഴയ സിദ്ധാന്തം വലിച്ചെറിയാം.

കുറഞ്ഞതു പത്തു സുഹൃത്തുക്കളുമായെങ്കിലും കമ്പനി കൂടുന്നതു സന്തോഷത്തിന്‍രെ വാതായനങ്ങള്‍ തുറന്നു തരുമെന്നാണു മനശാസ്ത്ര ഗവേഷകരുടെ കണ്ടുപിടിത്തം. അഞ്ചോ അതിലും താഴെയോ സുഹൃത്തുക്കള്‍ മാത്രമുള്ളവരാകട്ടെ എക്കാലവും മാനസിക ദുരിതങ്ങള്‍ പേറുന്നവരാകുമെന്നും അവര്‍ പറയുന്നു. സംഗതി സായിപ്പിന്‍റെ നാട്ടിലെ കണ്ടു പിടിത്തമാണെങ്കിലും നമുക്കും കുറേയൊക്കെ ഇതു ബാധകമായേക്കാം. പ്രത്യേകിച്ചും മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍.

ഗവേഷകര്‍ നമ്മുടെ നാട്ടില്‍ ചിലര്‍ ചെയ്യുന്നതുപോലെ വീട്ടിലിരുന്നു കണക്കുകൂട്ടി കണ്ടുപിടിച്ചതൊന്നുമല്ല ഇത്. നൂറുകണക്കിനു സ്ത്രീപുരുഷന്‍മാരെ പഠനവിധേയരാക്കിയാണു നിഗമനത്തിലെത്തിയത്. സുഹൃത്തുക്കള്‍ നമ്മളെയാണോ നമ്മള്‍ സുഹൃത്തുക്കളെയാണോ സന്തോഷഭരിതരാക്കുന്നതെന്നു ചിന്തിക്കേണ്ട. എല്ലാവരും സന്തോഷത്തില്‍ത്തന്നെയാകുന്നു.

Monday, December 22, 2008

ഭീകരരെ പിടിക്കാന്‍ മുളകുപൊടി

നിരപരാധികളെ തോക്കിന്‍മുനയില്‍ ബന്ദികളാക്കി നിര്‍ത്തി സാമ്രാജ്യസൃഷ്ടിക്കിറങ്ങുന്ന ഭീകരര്‍ സൂക്ഷിക്കുക. നിങ്ങളെ തുരത്താന്‍ പുതുയ മാര്‍ഗം വരുന്നു. സംഗതി ലളിതമാണ്. നമ്മുടെ നാട്ടിന്‍പുറത്തെ കള്ളന്‍മാരുടെ പഴയ ആയുധം തന്നെ. മുളകുപൊടി. മുളകുപൊടി നിറച്ച ഗ്രനേഡുകളുമായിട്ടായിരിക്കും ഇനി ഭീകരവിരുദ്ധ സേന രംഗത്തിറങ്ങുക. ഏതു ഭീകരനായാലും മുളകുപൊടിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലല്ലോ. പറുദീസ വാഗ്ദാനം ചെയ്യുന്ന അദൃശ്യകരത്തിന്‍റെ ആശീര്‍വാദത്തോടെയാണു നിരപരാധികളെ കൊന്നൊടുക്കുന്നതെന്നാണല്ലോ ഭീകരരുടെ ജിഹാദി ന്യായം. മുളകുപൊടി മൂക്കിലും നെഞ്ചിലും അടിഞ്ഞുകൂടുമ്പോള്‍ ആയുധമെടുപ്പിച്ച ആ അദൃശ്യശക്തിയും തുണയാവില്ലെന്നറിയുക. പ്രതിരോധ ഗവേഷണ വിഭാഗമാണു പുതിയ ആയുധത്തിനു രൂപം നല്‍കുന്നത്. മുളകിന്‍റെ വീര്യം നിറഞ്ഞ പുക മാളത്തിലൊളിക്കുന്ന ഏതു ഭീകരനെയും പുറത്തു ചാടിക്കും. വാര്‍ത്താകേരളം ഡോട്ട് കോമില്‍ വാര്‍ത്ത പൂര്‍ണരൂപത്തിലുണ്ട്.

Saturday, December 20, 2008

ഭീകരരെ നേരിടാന്‍ എന്തെല്ലാം ചെയ്യണം

അഭയക്കേസിലെ പ്രതികളെ നാര്‍ക്കോ അനാലിസിസിനു വിധേയമാക്കിയതു തെറ്റാണെന്നു വാദിക്കുന്നവര്‍ ബ്രിട്ടനിലേക്കു നോക്കുക. അവിടെ ഭീഷണിയാകുന്ന ഇസ്ലാമിക ഭീകരവാദത്തെ നേരിടാന്‍ പിടിയിലായ ഭീകരനേതാക്കളുടെ മനസു മാറ്റിയെടുക്കാനുതകുന്ന മനശാസ്ത്ര രീതികളാണ് തുടങ്ങിയിരിക്കുന്നത്. ആഗോള തലത്തില്‍ ഭീഷണിയാകുന്ന ഇസ്‌ലാമിക തീവ്രവാദത്തെ നേരിടാന്‍ ബ്രിട്ടനിലെ ജയിലുകളില്‍ രഹസ്യമായാണു പുതിയ പരീക്ഷണം നടത്തുന്നത്. ഇതേക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് വാര്‍ത്താകേരളം ഡോട്ട്കോമിലുണ്ട്.

ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പിടിയിലായി ജയിലില്‍ കഴിയുന്ന ഇസ്ലാമിക തീവ്രവാദികളുടെ മനസിനെ മാറ്റാന്‍ ശാസ്ത്രീയമായി അവരുടെ മനസിനെ ഡിപ്രോഗ്രാമിംഗ് നടത്തുകയാണു മനശാസ്ത്രജ്ഞര്‍. മനസില്‍ അടിയുറച്ചിരിക്കുന്ന അന്ധമായ മതഭ്രാന്തിനെ തെറാപ്പിയിലൂടെ ഇല്ലാതാക്കാനാണു ശ്രമം.

കഴിഞ്ഞ ജനുവരിയില്‍ നീതിന്യായ മന്ത്രാലയം രൂപീകരിച്ച സ്പെഷല്‍ എക്സ്ട്രിമിസം യൂണിറ്റാണ് ഇതിനു മുന്‍കൈയെടുക്കുന്നത്. ബ്രിട്ടനിലെ ജയിലുകളില്‍ ഇസ്ലാമിക തീവ്രവാദം പടരുന്നതു തടയാനാണു ശ്രമം. വൈറ്റ്മൂര്‍ ജയിലിലെ മുസ്ലിം തടവുകാരില്‍ ഇതു പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇപ്പോള്‍ 90 പേരാണു ജയിലിലുള്ളത്. ഇതു തുടര്‍ന്നാല്‍ ഇസ്ലാമിക സംഘടനകളുടെ ജിഹാദ് പ്രസ്ഥാനവും ഭീകരവാദവും വ്യാപിച്ചേക്കുമെന്ന ഭീതിയാണു ബ്രിട്ടനിലെ അധികൃതര്‍ക്കുള്ളത്. തടവുകാരില്‍ 11 ശതമാനം മുസ്ലിങ്ങളാണെന്നത് അവരുടെ ഭീതി ഇരട്ടിപ്പിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താകേരളത്തില്‍.

Friday, December 19, 2008

അഭയയോടില്ലാത്ത സ്നേഹം പ്രതികളോടോ?

വിവാദങ്ങളില്‍ നിന്നു വിവാദത്തിലേക്ക് ഏറെ യാത്ര ചെയ്താണ് ഒടുവില്‍ അഭയയുടെ ഘാതകരെക്കുറിച്ചു സൂചനകള്‍ പുറത്തു വന്നത്. രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും പിടിയിലായി. ഇതോടെ കളം മാറുന്ന കാഴ്ചയാണു ചുറ്റും. നിരന്തരം തുടരുന്ന പ്രസ്താവനായുദ്ധങ്ങള്‍. പ്രാര്‍ഥനായോഗങ്ങള്‍, ഉപവാസ പ്രാര്‍ഥനകള്‍. ഏറ്റവുമൊടുവില്‍ അഭയക്കേസുമായി ബന്ധപ്പെട്ടു ക്രിസ്ത്യാനികളെ താറടിച്ചു കാണിക്കാന്‍ ചില പത്ര, ദൃശ്യ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കെസിബിസി ജാഗ്രതാ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നു. സിനിമാല പോലുള്ള പരിപാടികളില്‍ വൈദികരെയും സന്യസ്തരെയും അവഹേളിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. സിനിമാല എന്നത് ഒരു ഹാസ്യപരിപാടിയാണ്. ഇതില്‍ പലരെയും പല സന്ദര്‍ഭങ്ങളിലും വിമര്‍ശിച്ചിട്ടുണ്ടു താനും. അവരാരും ഇത്തരം പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടില്ല. സന്തോഷ് മാധവനെയും അമ്മ തായ എന്ന സ്ത്രീയെയും കുറിച്ചു സിനിമാല പരിപാടി അവതരിപ്പിച്ചിരുന്നു. അതിലെ ഹാസ്യം ആസ്വദിക്കുകയല്ലാതെ ഹിന്ദുക്കള്‍ക്കെതിരായ നീക്കമെന്ന ആരോപണവുമായി ആരെങ്കിലും രംഗത്തുവന്നതായി പറഞ്ഞുകേട്ടിട്ടുപോലുമില്ല. ളോഹയണിഞ്ഞ രണ്ടു പേരെ അനുകരിച്ചതോടെയാണു മതേതരത്വത്തിന്‍റെ ഭാഗമെന്നു ദിവസവും സ്വയം വിശേഷിപ്പിക്കുന്നവര്‍ പടയ്ക്കിറങ്ങുന്നത്. അഭയക്കേസ് ഒതുക്കാന്‍ തുടക്കം മുതലേ ഉന്നത തലത്തില്‍ ശ്രമമുണ്ടായിരുന്നെന്നതു രഹസ്യമല്ല. ആരൊക്കെയാണോ കേസ് ഒതുക്കാന്‍ ശ്രമിച്ചത്, അവര്‍ക്കെതിരേ തിരിയാന്‍ തുടങ്ങുന്നുവെന്നതാണു സിബിഐ ചെയ്യുന്ന തെറ്റ്. വിശദമായ വാര്‍ത്ത വാര്‍ത്താകേരളം ഡോട്ട് കോമില്‍

Saturday, December 13, 2008

സൂക്ഷിക്കുക, ഫേസ്‌ബുക്കിലും വൈറസ്

ഫേസ്‌ബുക്കിലൂടെ സൌഹൃദം പങ്കിടുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്നു വിലയേറിയ ക്രെഡിറ്റ് കാര്‍ഡ് നമ്പരുകളുള്‍പ്പെടെയുള്ളവ തട്ടിയെടുക്കപ്പെട്ടേക്കാം. 'കൂബ്‌ഫേസ്' എന്നു പേരായ ഒരു വൈറസാണു വില്ലന്‍ വേഷത്തില്‍ ഫേസ്‌ബുക്കിലെ കൂട്ടായ്മയിലേക്കു നുഴഞ്ഞു കയറുന്നത്. ഫേസ്‌ബുക്കിലെ മെസേജുകളിലൂടെയാണു വൈറസ് രംഗപ്രവേശം ചെയ്യുന്നത്. പൊതുവേ, ഫേസ്‌ബുക്കിലൂടെയെത്തുന്ന മെസേജുകള്‍ വിശ്വസ്ത സുഹൃത്തുക്കളുടേതായതിനാല്‍ ആരും സംശയിക്കാതെ തുറക്കും. അതു തന്നെയാണു വൈറസുകളെ കടത്തിവിടുന്നവരുടെയും ലക്ഷ്യം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ കടന്നുകയറുന്ന ഹാക്കര്‍മാരുടെ പുത്തന്‍ തന്ത്രമാണു ഫേസ്‌ബുക്കിലൂടെ പരക്കുന്നത്. ഇതു കൊണ്ടുപോകുന്നതു നിസാര ഡേറ്റകളൊന്നുമല്ല. ക്രെഡിറ്റ് കാര്‍ഡ് നമ്പരുകളുള്‍പ്പെടെയുള്ള സാമ്പത്തിക രംഗമാണു വൈറസിന്‍റെ വിളയാട്ടഭൂമി.... കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താകേരളം.കോമിലുണ്ട്. അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, November 5, 2008

ഒറ്റയാള്‍പ്പട്ടാളത്തിന് എന്തൊക്കെ ചെയ്യാനാവും?

ഒരു ഒറ്റയാള്‍പ്പട്ടാളത്തിന് എന്തൊക്കെ ചെയ്യാനാകും? ഒത്തിരി ആലോചിച്ചാല്‍ ചിലപ്പോള്‍എന്തെങ്കിലുമൊക്കെ ഉത്തരം കിട്ടിയേക്കും. പക്ഷേ, ഒട്ടും ആലോചിക്കാതെ ഉത്തരം പറയണമെന്നുള്ളവര്‍ വാര്‍ത്താ വെബ്‌സൈറ്റായ വാര്‍ത്താകേരളം ഡോട്ട്കോം സന്ദര്‍ശിക്കുക.
ഒരാള്‍
ഒറ്റയ്ക്കു വാര്‍ത്തയും പരസ്യവും ചിത്രങ്ങളും ഫീച്ചറുകളും എന്തിനേറെ, അതിലുള്ളതെല്ലാം ചെയ്യുന്ന ലോകത്തെ ആദ്യ വാര്‍ത്താ വെബ്‌സൈറ്റാകും ഇത്. എന്നുകരുതി തട്ടിക്കൂട്ടാണു സംഗതിയെന്നു കരുതരുത്.
പക്കാ പ്രഫഷണല്‍
സൈറ്റു തന്നെ. രൂപഭംഗിയുടെയും ഉള്ളടക്കത്തിന്‍റെയും കാര്യത്തില്‍ മലയാള ഭാഷയിലുള്ള വാര്‍ത്താ വെബ്‌സൈറ്റുകളില്‍ മുന്‍പന്തിയിലാണു വാര്‍ത്താകേരളം. മറ്റു സൈറ്റുകളില്പലതും പ്രമുഖ പത്രങ്ങളുടെ ഇന്‍റര്‍നെറ്റ് എഡിഷനുകളാണ്. അല്ലാതെ ചിലതുമുണ്ട്.
പക്ഷേ
, എല്ലാം ആവശ്യത്തിനോ അതിലേറെയോ ജീവനക്കാരെ വച്ച് വന്‍കിട ഓഫീസ് സൌകര്യവും സാമ്പത്തികമൂലധനവുമൊക്കെയായി പ്രവര്‍ത്തിക്കുന്നവ. ഇതാണു വാര്‍ത്താകേരളത്തെ അവരില്നിന്നെല്ലാം വ്യത്യസ്തമാക്കുന്നതും.
വായനാസുഖമുള്ള പലതും സൈറ്റില്
കാണാം. ഓരോരുത്തര്‍ക്കും അവരവരുടെ ടേസ്റ്റ് അനുസരിച്ച് ആവശ്യമുള്ളവ തെരഞ്ഞെടുക്കാം. മികച്ച വായനാനുഭവം, ഒപ്പം അല്പം ലോകകാര്യവും അറിയാം. പാഴാക്കാന്‍ ഒന്നുമില്ല. സമയം കിട്ടുമ്പോള്‍ സൈറ്റ് സന്ദര്‍ശിക്കുക. അഡ്രസ് ഇതാണ്- www.varthakeralam.കോം
ഇനിയൊരു രഹസ്യം പറയട്ടെ. ഇതിന്‍റെ പിന്നിലെ പട്ടാളം സാക്ഷാല്‍ ബാലചന്ദ്രന്‍ ചീറോത്ത് തന്നെ.

Thursday, June 5, 2008

പ്രണാമം... സുധാകര ഗുരോ...

രണ്ടു വയസിലും മൂന്നു വയസിലും പ്രവര്‍ത്തിച്ച അദ്ഭുതങ്ങളാണു ഭാരത നാട്ടിലെങ്ങുമുള്ള ആള്‍ദൈവങ്ങളുടെ അടിത്തറ. ബന്ധുക്കള്‍ പറഞ്ഞുണ്ടാക്കുന്ന കഥകളിലൂടെ കയറിക്കയറി അവര്‍ ദൈവങ്ങളാകുന്നു. പറയാന്‍ ബന്ധുക്കള്‍ തയാറായില്ലെങ്കില്‍ എന്തു ചെയ്യണം?ചോദ്യം നമ്മുടെ മന്ത്രി സുധാകരനോടാകുന്നതാകും കൂടുതല്‍ എളുപ്പം.

കലാകൗമുദി വാരികയില്‍ അദ്ദേഹം അദ്ഭുതപ്രവര്‍ത്തനങ്ങളുടെ പരമ്പരയാണു വെളിപ്പെടുത്തിയിരിക്കുന്നത്‌. സംശയമുള്ളവര്‍ക്കു ബസ്‌ സ്റ്റാന്‍ഡിലോ ബുക്ക്‌ ഷോപ്പിലോ തൂക്കിയിട്ടിരിക്കുന്ന കലാകൗമുദി കള്ളവായന നടത്തിയാല്‍ ഉത്തരം കിട്ടും. മൂന്നര വയസില്‍ രാമായണം വള്ളിപുള്ളി വിടാതെ വായിച്ച ഭക്തശിരോമണിയാണു സുധാകരന്‍. ഞാന്‍ പറയുന്നതല്ല. ബന്ധുക്കളുടെ വാമൊഴിയുമല്ല. സാക്ഷാല്‍ വിപ്ലവ നായകന്‍ സുധാകരന്‍ തന്നെ വെളിപ്പെടുത്തുന്നതാണ്‌. രാമായണത്തിലെ കൂട്ടക്ഷരങ്ങള്‍ വായിക്കാന്‍ മലയാളം മുന്‍ഷിമാര്‍ പോലും വലഞ്ഞിരുന്ന കാലത്ത്‌ മൂന്നര വയസില്‍ സര്‍വ അക്ഷരങ്ങളും സ്വായത്തമാക്കിയ സുധാകരന്‌ മുന്‍ഗാമിയായി ആരെങ്കിലുമുണ്ടോ? വിവേകാനന്ദനു പോലും ഇത്രയേറെ പ്രവര്‍ത്തനക്ഷമമായ തലച്ചോര്‍ ഉണ്ടായിരുന്നോ എന്നു സംശയം.

അവിടംകൊണ്ടു തീരുന്നില്ല. ഒന്നാം തീയതി തോറും നാട്ടിലെ നൂറുകണക്കായ ജനങ്ങള്‍ കണി കാണാന്‍ കാത്തിരുന്നതു സുധാകരനെയാണ്‌. അങ്ങനെ കണ്ടു വന്നവരാണ്‌ പിന്നീടു ശബരിമലയിലും മലയാറ്റൂരും മലഞ്ചെരുവില്‍ അമ്മാ... അയ്യാ... എന്നൊക്കെ വിളിച്ചു കോടികള്‍ സമ്പാദിക്കുന്നത്‌ എന്ന്‌ അസൂയക്കാര്‍ പറഞ്ഞുണ്ടാക്കുന്നതാണ്‌. ശത്രുക്കളും അസൂയക്കാരുമാണല്ലോ എപ്പോഴും സുധാകരന്റെ ഇടത്തും വലത്തും നിന്നു താറടിക്കുന്നത്‌.

പിന്നെപ്പിന്നെ കൊച്ചു സുധാകരന്‍ വളര്‍ന്നു. സാധാരണ കുട്ടികളില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. മറ്റു കുട്ടികള്‍ തലപ്പന്തു കളിക്കുമ്പോഴും കുട്ടിയും കോലും കളിക്കുമ്പോഴും സുധാകരന്‍ വായനശാലയ്ക്കുള്ളില്‍ അടയിരുന്നു. ആയിരക്കണക്കിനു പുസ്തകങ്ങള്‍ നിറഞ്ഞ വായനശാല. അവിടെയുള്ളതില്‍ ഏറെയും വിദേശ കൃതികളുടെ പരിഭാഷകള്‍.കൊച്ചു സുധാകരന്‍ വായനയുടെ ലോകത്തായിരുന്നു. നിക്കറില്‍ നിന്നു മുണ്ടിലേക്കു കയറ്റംകിട്ടുന്ന പ്രായത്തിനു മുന്നേ അവിടെയുണ്ടായിരുന്ന പുസ്തകങ്ങളത്രയും കാണാപ്പാഠം. പരിഭാഷകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പുസ്തകങ്ങളിലെ പേജ്‌ നമ്പരും അക്ഷരത്തെറ്റും ഉള്‍പ്പെടെ എല്ലാ കാര്യത്തെക്കുറിച്ചും അറിയാന്‍ പെന്‍ഗ്വിന്‍ ബുക്സ്‌ അടക്കമുള്ളവര്‍ ആശ്രയിച്ചിരുന്നത്‌ ആ കുട്ടിയെയാണെന്ന്‌ ഒരു നാട്ടുകാരന്‍ പറഞ്ഞു. അതു പക്ഷേ വിശ്വസിക്കേണ്ട. അസൂയക്കാരനാണ്‌. അങ്ങനെ രാമായണത്തിലെ കാണ്ഡങ്ങള്‍ എല്ലാം മനപാഠമാക്കി വീടുവീടാന്തരം കണി കാണിച്ചു നടന്ന കുട്ടിക്കാലമുള്ള വേറെ ആരുണ്ട്‌ ഈ ഭൂമി മലയാളത്തില്‍?

ഗുരുവായൂരിലെ ഹരിഗോവിന്ദനെ കണ്ടതു വലിയ തെറ്റായി പറയുന്ന ബി.ജെ.പിക്കാര്‍ക്കോ സുരേന്ദ്രനോ ഇങ്ങനെയൊരു പാരമ്പര്യം അവകാശപ്പെടാനുണ്ടോ? പണ്ട്‌ തന്ത്രിക്കേസുകാലത്ത്‌ സുധാകരനു നല്ല ബുദ്ധിയുണ്ടാകാന്‍ ഹോമം നടത്തിയ നമ്പൂരാര്‍മാരില്‍ ആര്‍ക്കുണ്ട്‌ ഇത്രയേറെ മാഹാത്മ്യം?ഇനിയെങ്കിലും മനസിലാക്കുക. ഹോമങ്ങളും മന്ത്രങ്ങളുമൊന്നും ഏല്‍ക്കാത്ത മഹായോഗിയാണു സാക്ഷാല്‍ സുധാകരയോഗി.കള്ള സ്വാമിമാരെ മനസിലാക്കാന്‍ അദ്ദേഹത്തിനുള്ള കഴിവില്‍ ഇനിയെങ്കിലും ആരും സംശയം പ്രകടിപ്പിക്കാതിരിക്കുക. അതീന്ദ്രിയ ജ്ഞാനം കൂടി വശമുള്ളയാളാണല്ലോ അദ്ദേഹം.

പിന്നെ, സഹോദരന്റെ മരണത്തിനു കാരണക്കാരായ രാഷ്ട്രീയക്കാരില്‍ എന്‍എസ്‌എസിന്റെ വിദ്യാര്‍ഥി വിഭാഗവും ഉണ്ടായിരുന്ന കാര്യം അദ്ദേഹത്തിനു മറക്കാനൊക്കുമോ? അന്നത്തെ വിദ്യാര്‍ഥി നേതാവിനെ സ്വന്തം അനുയായിയാക്കി വാഴുന്ന എന്‍എസ്‌എസ്‌ നേതാക്കളെ ചീത്തവിളിക്കുന്നതിന്റെ പൊരുള്‍ മനസിലായില്ലേ?അന്നത്തെ കേസില്‍ ഉള്‍പ്പെട്ടയാളിന്റെ അച്ഛന്‍ ആര്‍എസ്പിക്കാരനാണ്‌. ദേവസ്വം ബോര്‍ഡ്‌ അംഗത്തിന്റെ നേതാവാണത്രേ അദ്ദേഹം. അപ്പോള്‍പ്പിന്നെ ദേവസ്വം ബോര്‍ഡ്‌ ശരിയാകുമോ?

ദൈവമേ, സര്‍വശക്താ...ആരറിയുന്നു നിന്റെ മനോഗതം.അങ്ങു ചെയ്യുന്ന ഓരോ കാര്യത്തിനും സാധാരണ പാമരന്‌ അപ്രാപ്യമായ പൊരുളുണ്ടല്ലോ.ഇനിയിപ്പോ, കള്ള സന്യാസിമാരുടെ ആശ്രമങ്ങള്‍ മൊത്തം പൊളിച്ചു നീക്കണം. എന്നിട്ടു വേണം ജ്ഞാനിയായ യഥാര്‍ഥ സ്വാമിയുടെ പര്‍ണശാല പണിയാന്‍.
മഹാഗുരോ... അവിടുത്തേക്ക്‌ കോടി പ്രണാമം...
പണ്ട്‌ സുധാകരന്റെ അയല്‍ദേശത്തുണ്ടായിരുന്ന സുധാമണിയാണു പിന്നീട്‌ അമൃതാനന്ദമയിയായി മാറിയതെന്ന്‌ ഓര്‍ക്കുക.

Saturday, May 31, 2008

സഖാക്കളെ ഉണരൂ ദൈവ വേലയ്ക്ക് സമയമായി

ആദ്യം നല്ല മനുഷ്യനും പിന്നെ നല്ല കമ്മ്യൂണിസ്റ്റുമാകുക എന്നതായിരുന്നു പഴയ കമ്മ്യൂണിസ്റ്റുകളുടെ ആശയം. അതു പണ്ട്‌. ഒറിജിനല്‍ കമ്മ്യൂണിസ്റ്റാകണമെങ്കില്‍ ആദ്യം നല്ല ഒരു പാസ്റ്റര്‍ ആകുകയാണു വേണ്ടതെന്നാണു പുത്തന്‍ വിപ്ലവത്തിന്റെ ആദ്യപാഠം. ഇതു ഞാന്‍ പറയുന്നതല്ല. കൈരളി പീപ്പിള്‍ എന്ന ജനതയുടെ ആത്മാവിഷ്കാരത്തിന്റെ കടിഞ്ഞൂല്‍ സന്തതി ജനസമക്ഷം വിളിച്ചു പറയുന്നതാണ്‌. കഴിഞ്ഞ ദിവസം കൈരളി പീപ്പിള്‍ ചാനല്‍ കണ്ടപ്പോള്‍ സത്യത്തില്‍ ഒന്നമ്പരന്നു. ചാനല്‍ മാറിപ്പോയോ എന്നായിരുന്നു ആദ്യ ശങ്ക. യോഹന്നാന്റെ പവര്‍ വിഷനോ കത്തോലിക്കരുടെ മതേതര ചാനലായ ശാലോമോ കൈപ്പിഴ പറ്റി കടന്നു കൂടിയതാകാമെന്നു കരുതി സൂക്ഷിച്ചു നോക്കി. ഇല്ല. തെറ്റിയിട്ടില്ല. പീപ്പിള്‍ തന്നെ. ഒരു പാസ്റ്റര്‍ നിന്നു യേശു വിളിക്കുന്നു യേശു വിളിക്കുന്നു എന്ന്‌ ചങ്കു പൊട്ടി വിളിക്കുന്നു. അവസാനം പതിവു പാസ്റ്റര്‍ ശൈലിയില്‍ ഇങ്ങനെയും പറഞ്ഞു,....ഇന്നു നീ ദൈവത്തോടു കൂടിയായിരിക്കുന്നു. ഇതു കാണുന്ന എല്ലാവരും കര്‍ത്താവിന്റെ കൂടെയെത്തിയിരിക്കുന്നു. ഏകരക്ഷകനായ യേശു ഇതാ നിന്റെ സകല രോഗ ദുരിതങ്ങളും ഈ നിമിഷത്തില്‍ ശമിപ്പിക്കുന്നു. നമുക്കു പ്രാര്‍ഥിക്കാം.... പിന്നെ അതിശക്തമായ കൊട്ടിപ്പാടി സേവയും.ഇടതു പക്ഷ പുരോഗമന പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുടെ ചാനലില്‍ പെന്തക്കോസ്തു സുവിശേഷമോ എന്നോര്‍ത്തിരുന്നപ്പോള്‍ അന്തവും കുന്തവും ഇല്ലാത്ത നിലയിലായിപ്പോയി. അത്യാവശ്യം ആഗോളീകരണത്തിന്റെയും കമ്പോളവത്കരണത്തിന്റെയും സിംബലുകളായ മെട്രോ ഭാഷയും ഫാഷന്‍ ഷോയും ചുള്ളന്‍മാര്‍ക്കു പെണ്‍പിള്ളേരെ ഓസില്‍ ട്യൂണ്‍ ചെയ്യാനുള്ള അവസരവും നേരത്തേ ഒരുക്കിയതു ചാനല്‍ ബിസിനസില്‍ കാശുണ്ടാക്കാനുള്ള അടവുനയം മാത്രമാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഞാന്‍ പക്ഷേ, സുവിശേഷം കണ്ടപ്പോള്‍ ആകെ തകര്‍ന്നു.ഇതിന്റെ പൊരുളെന്ത്‌ എന്ന്‌ ഏറെ ചിന്തിച്ചു. ചിന്ത ഏറെ കാടുകയറിയെങ്കിലും എത്തും പിടിയും കിട്ടിയില്ല.അങ്ങനെ ചിന്തയില്‍ പടര്‍ന്ന കാട്ടിലെ പടര്‍പ്പുകളില്‍ കുടുങ്ങി ഇരിക്കുമ്പോഴാണു പഴയൊരു സഖാവ്‌ ദര്‍ശനത്തിനെത്തിയത്‌. വിവരം അറിഞ്ഞ സഖാവ്‌ വെറുതേ പൊട്ടിച്ചിരിച്ചു. കാശുള്ളവന്‍ ചിരിക്കുമ്പോള്‍ അര്‍ഥമറിയാതെ കൂടെ ചിരിക്കുന്ന എര്‍ത്തിന്റെ ഭാവത്തോടെ ഞാനും. ചിരി അടങ്ങിയെന്നു തോന്നിയപ്പോള്‍ ചോദിച്ചു.സഖാവെന്തിനാ ചിരിച്ചത്‌യതാനെന്തിനാടോ പൊട്ടാ കൂടെച്ചിരിച്ചത്‌യ-മറുചോദ്യം.കഥയറിയാതെ ആട്ടം കാണലാണല്ലോ പതിവെന്ന ന്യായം സഖാവ്‌ അംഗീകരിച്ചു. പിന്നെ എന്റെ ധര്‍മസങ്കടത്തിനു നിവൃത്തിയുണ്ടാക്കി.താന്‍ ഏതു ലോകത്താടോ ജീവിക്കുന്നത്‌? കുറേ ദിവസമായി നമ്മുടെ ഡിവൈഎഫ്‌ഐ സഖാക്കള്‍ സ്വാമിവേട്ട നടത്തുകയല്ലേ. ഒന്നു രണ്ടു ലോക്കല്‍ നേതാക്കള്‍ ഇതിനിടെ ചില ന്യൂനപക്ഷ മതേതര കച്ചവടക്കാരെക്കുറിച്ചു ചിലതെല്ലാം പരോക്ഷമായി പറഞ്ഞത്‌ അറിഞ്ഞിരിക്കാനിടയില്ല. പക്ഷേ പാര്‍ട്ടി അറിഞ്ഞതിന്റെ തെളിവല്ലേ ഇത്‌. പാസ്റ്റര്‍മാര്‍ നമ്മുടെ ആളുകളാണെന്ന്‌ ഡിഫിക്കാരെ അറിയിക്കാന്‍ ഇനി വേറെ സര്‍ക്കുലര്‍ ഇറക്കേണ്ട കാര്യമുണ്ടോ? പാര്‍ട്ടി ചാനലില്‍ യേശുവിന്റെ സുവിശേഷം വിളമ്പുക എന്നാല്‍ പാര്‍ട്ടിയുടെ പെട്ടി വലുതാക്കുക എന്നാണല്ലോ അര്‍ഥം. ചുരുക്കിപ്പറഞ്ഞാല്‍, പാസ്റ്റര്‍മാരെ തൊട്ടാല്‍ ഡിഫി മക്കളേ നിങ്ങള്‍ അധികകാലം മുന്നോട്ടു പോവില്ല എന്ന ശക്തമായ മുന്നറിയിപ്പു തന്നെ. എല്ലായ്പ്പോഴും പാര്‍ട്ടി സെക്രട്ടറിക്കു നേരിട്ടെത്തി കോട്ടയം സമ്മേളനത്തിലേതു പോലെ കൈകാര്യം ചെയ്യാനാവില്ലല്ലോ. ഇപ്പോ മനസിലായോ പഴയ സഖാവേ? ഉത്തരം കേട്ടിരുന്നപ്പോള്‍ സ്വയം പുച്ഛിക്കുകയായിരുന്നു. സ്വന്തം ബുദ്ധിശൂന്യതയോര്‍ത്ത്‌. വൈകിയില്ല, പീപ്പിളിനയയ്ക്കാനുള്ള കത്തിന്റെ ഏകദേശരൂപം തയാറാക്കി. അടുത്തയാഴ്ച തങ്കു പാസ്റ്ററുടെ പ്രസംഗം പീപ്പിളില്‍ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന്‌, സാം കുഴിക്കാല, യോഹന്നാന്‍ ബിഷപ്പ്‌, ആടു തോമ തുടങ്ങി മതേതരന്മാരും പാവം കോടീശ്വരന്‍മാരുമായ സുവിശേഷ സഖാക്കളേയും പീപ്പിളില്‍ക്കൂടി കേട്ടു മാനസാന്തരപ്പെട്ട്‌ അനുഭവസാക്ഷ്യം പറയാന്‍ അവസരമുണ്ടാക്കുമല്ലോ. സാധിക്കുമെങ്കില്‍ അടുത്ത ഘട്ടമായി തങ്ങള്‍മാരുടെ ചരടുജപിക്കലും ഓതിക്കൊടുക്കലും വെള്ളം ജപിച്ചു തളിക്കലും പരിപാടിയില്‍ ഉള്‍പ്പെടുത്തണം. അതിനു മുമ്പ്‌ ശബരിമലയിലെ മകരവിളക്കിനെക്കുറിച്ചു പത്തു തെറി ചേര്‍ക്കുന്നതും നന്നായിരിക്കും.

Friday, May 30, 2008

ഇനിയും കുറച്ച് അപ്രിയം

അപ്രിയ സത്യങ്ങള്‍ മൂടി വയ്ക്കപ്പെടേണ്ടതു തന്നെ. എങ്കിലും അതെല്ലാം വിളിച്ചു കൂവാന്‍ ആരെങ്കിലും വേണ്ടേ?ഞാന്‍ ഒരു സാഹിത്യകാരനോ അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുന്നവനോ ബുദ്ധിജീവിയോ അല്ല.സാധാരണക്കാരനായ ഒരാള്‍ മാത്രം. പക്ഷേ, ഒരുപാട്ബുദ്ധിജീവി ജാഡകളെ കണ്ടിട്ടുണ്ട്‌. പത്രപ്രവര്‍ത്തനം തുടങ്ങിയിട്ടു പതിനഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ. അവാര്‍ഡു വാങ്ങിയിട്ടില്ല. അതിനു തക്കവണ്ണം കയ്യില്‍ തുട്ടും ഇല്ല. നക്കാപ്പിച്ച ശമ്പളം ആണല്ലോ ഏറെക്കാലവും കിട്ടിയിട്ടുള്ളത്‌. അടുത്തിടെയായി താരതമ്യേന വലിയ കുഴപ്പം ഇല്ല.പറഞ്ഞു വരുന്നതു മറ്റൊന്നാണു. അടുത്തിടെയായി പത്രപ്രവര്‍ത്തനം ഹരമാക്കി ഇറങ്ങുന്ന പുത്തന്‍ തലമുറക്കാരുടെ എണ്ണം കൂടിയിട്ടില്ലേ എന്നൊരു തോന്നല്‍. അത്‌ വെറും തോന്നല്‍ അല്ലതാനും. വന്‍ തുക മുടക്കി ഈ കുന്തം സ്വായത്തം ആക്കാന്‍ എന്താണു പ്രേരകം എന്നു നിരീക്ഷിക്കുമ്പോഴാണു ചില അപ്രിയ സത്യങ്ങള്‍ പുറതു ചാടുന്നത്‌.സിനിമയിലെ പത്ര പ്രവര്‍ത്തകന്‍ അല്ലെങ്കില്‍ പത്ര പ്രവര്‍ത്തക, മുഖ്യമന്ത്രിയുടെ വരെ കുത്തിനു പിടിക്കുന്ന കാഴ്ചകള്‍. പിന്നെ ലാപ്റ്റോപ്പും തൂക്കി എസി മുറിയിലേക്ക്‌. പഞ്ച്‌ നക്ഷത്ര സൗകര്യങ്ങള്‍. മദിപ്പിക്കുന്ന രംഗങ്ങള്‍.ഇതൊക്കെ കണ്ട്‌ പത്രപ്രവര്‍ത്തന ക്ലാസ്സ്‌ നടത്തിപ്പുകാര്‍ക്കു വന്‍ തുക നല്‍കി വാങ്ങുന്ന സര്‍ട്ടിഫിക്കറ്റുമായി ജോലി തേടി ഇറങ്ങുമ്പോഴല്ലേ പൊള്ളത്തരം പിടി കിട്ടുക.എന്താണു പത്രം ഓഫീസില്‍ അവര്‍ക്കു കിട്ടുന്ന പണി എന്നറിയമോ? ചരമ കോളം തിരുത്തി എഴുതുക, ഇന്നത്തെ പരിപാടി സ്റ്റൈല്‍ അനുസരിച്ചു തയ്യാറാക്കുക... ഗംഭീര ലേഖനങ്ങളിലൂടെ സമൂഹ മനസാക്ഷി തൊട്ടുണര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍. എതിയതോ?കുറെയേറെ ഈഗോയും അതിലേറെ ജാഡകളും കൈമുതലാക്കി അടയിരിക്കുന്ന ഞാന്‍ അടക്കമുള്ള വിവര ദോഷികളുടെ ഗീര്‍വാണം കേള്‍ക്കണം. പിന്നെ, ആവശ്യത്തില്‍ ഏറെ ടെന്‍ഷനും.ശമ്പളത്തെക്കുറിച്ചു കൂടുതല്‍ പറയാനില്ല. നക്കാപ്പിച്ച ശമ്പളം ആണു മലയാള പത്രങ്ങള്‍ കൊടുക്കുന്നതെന്നതു രഹസ്യം അല്ല. 10000 രൂപയ്ക്കു മേല്‍ മാസപ്പടി വാങ്ങുന്ന എത്ര പത്രക്കാരുണ്ടു കേരളത്തില്‍? തുടക്ക ശമ്പളം 2000 മുതല്‍ ആണെന്ന കാര്യം രഹസ്യം ആക്കി വച്ചിട്ടു കാര്യം വല്ലതും ഉണ്ടോ?ഏതായാലും ഇറങ്ങിപ്പുറപ്പെട്ടു. വീട്ടുകാരും നാട്ടുകാരും അണിയറ കാണുന്നില്ലല്ലോ. പിന്നെ, ചെയ്യാവുന്നതു പുറം പൂച്ചു കാണിക്കുക മാത്രം. അതിനു ചില്ലറ സാഹിത്യകാരന്മാരുടെ കുറിപ്പുകളില്‍ നിന്നും വിദേശ എഴുത്തുകാരുടെ അറിയപ്പെടുന്ന വരികളില്‍ നിന്നും കടമെടുത്തു സ്വന്തം പേനയിലൂടെ എഴുതാം.അങ്ങനെ ചെയ്യുന്ന ചിലര്‍ ചില ഗള്‍ഫ്‌ രാജ്യങ്ങളിലും ചേക്കേറിയിട്ടുണ്ട്‌. അവിടെ മറ്റ്‌ ജോലി ചെയ്യുന്നതിനിടെ അല്ലറ ചില്ലറ പത്രപ്രവര്‍ത്തനം. അവിടെ റിപ്പോര്‍ട്ടെര്‍മാര്‍ ഇല്ലാത്ത പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ദിവസക്കൂലിക്കു വാര്‍ത്ത എത്തിക്കും. പറഞ്ഞു നടക്കുന്നതോ, പത്രപ്രവര്‍ത്തകന്‍.ഇപ്പോള്‍ ഞാന്‍ പറഞ്ഞത്‌ അത്രയും അപ്രിയ സത്യങ്ങള്‍ ആണെന്നറിയാം. ഇതിന്റെ പേരില്‍ എന്നെ ക്രൂശിക്കാന്‍ ഇറങ്ങുന്നവര്‍ക്കു സ്വാഗതം. ഭാഷയെക്കുറിച്ചും ശൈലിയെക്കുറിച്ചും അവര്‍ക്കുള്ളത്ര ജ്ഞാനം എനിക്കുണ്ടാവാന്‍ തരമില്ല. ക്ഷമിക്കുക.

Thursday, May 29, 2008

മഴക്കഥ എഴുതിയതിനു മാപ്പ്

തെറ്റ്‌ പറ്റിയാല്‍ തിരുത്താം. കമ്മ്യൂണിസ്റ്റ്‌ ആയാലും കത്തോലിക്കാ സഭ ആയാലും തെറ്റു തിരുത്തുന്നതില്‍ ആരും കുറ്റം കാണില്ല.മഴ പെയ്തപ്പോള്‍ തോന്നിയ ചില ഭ്രാന്തന്‍ ചിന്തകള്‍ ബ്ലോഗില്‍ കുറിച്ചിട്ട തെറ്റിനു മാപ്പു ചോദിക്കട്ടെ.ഒരു മഴ പെയ്തതേയുള്ളു. പത്രങ്ങളായ പത്രങ്ങളില്‍ പേനയുന്തുന്ന സകല പയ്യന്മാരും പയ്യത്തികളും മഴയുടെ പിന്നാലെയായി. പണ്ടു വാഴയിലയും ചേമ്പിലയും തലയില്‍ ചൂടി സ്കൂളില്‍ പോയത്രേ. അനുസാരിയായി ചില സഹിത്യ ശകലങ്ങളും. പഴയ ഒരു സിനിമയിലെ ഡയലോഗു കടം എടുക്കട്ടെ."അല്ല, ഞാന്‍ അറിയാഞ്ഞിട്ടു ചോദിക്കുകയാ."വാഴയിലയും ചേമ്പിലയും കുടയാക്കി സ്കൂളില്‍ പോയ ചരിത്രം പറയാന്‍ ഇവരാരാ? ഈ എഴുതിക്കൂട്ടുന്ന പിള്ളേരുടെ ചെറുപ്പ കാലത്തു നല്ല ശീലക്കുട ആവശ്യത്തിനു കിട്ടുമായിരുന്നല്ലോ. ഏതെങ്കിലും കാര്‍ന്നോന്മാര്‍ ആയിരുന്നു എഴുതിയതെങ്കില്‍ പോട്ടെ. ഇതിപ്പൊ, 25 വയസു തികയാത്ത കിടാങ്ങള്‍ ഇങ്ങനെ ഒക്കെ എഴുതുന്നതു കാണുമ്പോള്‍ ഈ പണി നിര്‍ത്തിയാലോ എന്നാണു ചിന്ത.പക്ഷേ, ജീവിക്കാന്‍ പത്രപ്രവര്‍ത്തനം അല്ലാതെ വേറേ വിദ്യകള്‍ വശമില്ലാത്തതിനാല്‍ അതു നിര്‍ത്താനും പറ്റില്ല.കേട്ടു പഴകിയ ചില പ്രയോഗങ്ങള്‍ മനസില്‍ നിന്നു കളഞ്ഞിട്ടു സ്വന്തം നിലയ്ക്കു തലച്ചോറു പ്രവര്‍ത്തിപ്പിക്കാന്‍ പ്രിയ അനിയന്മാരേ അനിയത്തിമാരേ നിങ്ങള്‍ ശ്രമിക്കുക. അല്ലാതെ എണ്‍പതുകളില്‍ അന്നത്തെ മിടുക്കന്മാര്‍ എഴുതിയുണ്ടാക്കിയ ശൈലി സ്വന്തം പേനയിലൂടെ പുറത്തെടുക്കരുത്‌. നിങ്ങള്‍ക്കും ഗുണമില്ല, പത്രത്തിനും ഗുണമില്ല. ന്യൂസ്‌ പ്രിന്റിനും മഷിക്കും അന്തംവിട്ട വിലയല്ലേ കുഞ്ഞുങ്ങളേ. ചുവരുണ്ടെങ്കിലേ ച്ത്രം എഴുതാനൊക്കൂ. മുതലാളി കുത്തുപാളയടുത്താല്‍ എല്ലാവനും തെണ്ടും. അതു മറക്കാതിരിക്കുക.സര്‍വം അറിയുന്ന പ്രപഞ്ച സത്യമേ... ബ്ലോഗില്‍ ഭ്രാന്തന്‍ ചിന്തകള്‍ കോറിയിട്ടതിനു മാപ്പ്‌.

മഴ പെയ്യുമ്പോള്‍...(കാലവര്‍ഷം എത്ര സെന്റിമീറ്റര്‍?)

കാലവര്‍ഷം എത്തി. വരണ്ട മണ്ണിലും മനസിലും കുളിര് നിറച്ച മഴ...
ആഴ്ച്ചകളായി കാത്തിരുന്നു കിട്ടിയ മഴയുടെ ആഹ്ലാദം...
കണ്ണില്‍ കുത്തുന്ന വേദനയുമായി കടന്നു പോയ വാരം. പിന്നെ, മങ്ങുന്ന കാഴ്ചയുടെ പീലികള്‍ക്കിടയിലൂടെ പെയ്തിറങ്ങുന്ന മഴയുടെ തണുപ്പ്. സ്വന്തം കഥകളും കാര്യങ്ങളും എഴുതി നിറച്ചു വായിക്കുന്നവരുടെ ശാപം ഏറ്റുവാങ്ങാന്‍ ഉദ്ദേശ്യം ഇല്ല.
ഇക്കുറി കാലവര്‍ഷം കേരളത്തില്‍ എത്തുന്നത്‌ വെള്ളിയാഴ്ച ആയിരിക്കും എന്ന് കേന്ദ്ര കാലാവസ്ഥക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് അറിഞ്ഞാവണം കാലവര്‍ഷം രണ്ടു ദിവസം മുന്നേ എത്തിയത്.
പനി പിടിച്ചു പണിക്കു പോകാന്‍ വയ്യാതെ ഇരിക്കുന്നവര്‍ക്കു പക്ഷെ മഴ അത്ര നല്ല കാര്യം ആയി തോന്നാന്‍ ഇടയില്ല.
*************************************************************************************

മഴ...
സന്ധ്യക്കു പെയ്ത മഴയില്‍ ഇടവഴി ആകെ വെള്ളം കെട്ടിക്കിടക്കുന്നു. പഴയ ഒരു കടലാസു തോണി അതില്‍ തെന്നി നീങ്ങുന്നുണ്ടോ? എവിടെയോ ആര്‍പ്പുവിളിയുടെ അല. തവളകളുടെ കരച്ചില്‍. ഓലത്തുഞ്ചത്തു നിന്നു പൊട്ടി വീഴുന്ന തുള്ളികളുടെ കൊഞ്ചല്‍. ഇരുട്ടില്‍ പേടിപ്പെടുത്തുന്ന എന്തൊക്കെയൊ ശബ്ദങ്ങള്‍.
മഴ...
************************************************************************************
അടര്‍ക്കളത്തില്‍ ശാന്തത. യുദ്ധ പര്‍വം അടങ്ങാറാവുന്നു. പിതാമഹന്‍ ശരശയ്യയിലാണു കിടപ്പ്‌. അരികില്‍ ഒരു കാല്‍മുട്ടു നിലത്തു കുത്തി ചേര്‍ന്നു നില്‍പ്പുണ്ടു വിജയന്‍. അകലെയല്ലാതെ പിന്നിലേക്കു മാറി നില്‍പ്പുണ്ടു ഭഗവാന്‍. ചുണ്ടില്‍ ഗൂഡമായ ചെറു ചിരി. പിന്നില്‍ ശാന്തമായിക്കിടക്കുന്ന അടര്‍ക്കളം. പേടിപ്പെടുത്തുന്ന നിശ്ശബ്ദത. ശിരസ്സറ്റ കബന്ധങ്ങള്‍. ഉണങ്ങിത്തുടങ്ങുന്ന ചോരപ്പാടുകല്‍.ഇരുട്ടു പരക്കുകയാണു ചുറ്റിനും.അപ്പോള്‍...മഴ...ചോരപ്പാടുകള്‍ ചുവന്ന നീര്‍ച്ചാലുകള്‍ ആകുന്നു. അറ്റു വീണ ശിരസുകളുടെ പാതി തുറന്ന കണ്ണുകളില്‍ക്കൂടി... സര്‍വം ശുദ്ധീകരിച്ച്‌...
*************************************************************************************
മഴ ശമിക്കുന്നു. നാളെ എന്ത്‌ എന്ന ചോദ്യം ചോദിക്കാന്‍ മനസില്ലാത്തവന്റെ കരുത്തുറ്റ മനസുമായി രാത്രി കയറി വരുന്നു. പെയ്തൊഴിയാത്ത മഴയെ കൊതിച്ച്‌, സ്വപ്നം കണ്ട്‌...

Wednesday, May 28, 2008

ഇതൊന്നും ഞാന്‍ അറിഞ്ഞിട്ടില്ലേ...

അറിഞ്ഞോ?
എന്ത്?
മാസമുറ ആഘോഷം ആക്കാന്‍ ചില തരുണീമണികള്‍ എത്തിയിരിക്കുന്നു.
അതെയോ?
അപ്പോള്‍ നിങ്ങള്‍ ഇതൊന്നും അറിയുന്നില്ലേ?
ഇപ്പോള്‍ അറിഞ്ഞു. പഴംതുണി കുറെ വേണ്ടി വരുമല്ലോ.
അതല്ലേങ്കിലും അങ്ങനെ അല്ലേ? പെണ്ണ് കൂട്ടമായി പോകുമ്പോള്‍ പഴംതുണി കരുതുക പതിവല്ലേ ഗുരോ?
എപ്പോഴും ഇത്തരം കാര്യങ്ങള്‍ പറഞ്ഞു തരാന്‍ എനിക്ക് സമയം കിട്ടിയെന്നു വരില്ല. ടിവി കാണുക. പതിവായി.
വേറെ എന്തൊക്കെ കേരള വിശേഷങ്ങള്‍?
ഒരു സിദ്ധന്‍ കിണറ്റില്‍ ചാടി ചത്തു.
ചാടിയതോ തള്ളിയിട്ടതോ?
ചാടിയത്‌ തന്നെ. നാട്ടുകാര്‍ സാക്ഷികള്‍. അതെന്താ അങ്ങനെ ഒരു ചോദ്യം?
അല്ല പണ്ടു പോലീസുകാരനെ ആറ്റില്‍ തള്ളിയവരുടെ പിന്മുറക്കാര്‍ ആണല്ലോ ഇപ്പോള്‍ സന്യാസിമാരുടെ താടി വടിക്കുന്ന പണി ഏറ്റെടുത്തിരിക്കുന്നത്‌.
അത് കൊള്ളാം. നിങ്ങള്‍ ബുദ്ധിശാലി തന്നെ. നല്ല വിവരം. നമ്മുടെ സ്വരാജ് പറഞ്ഞ പോലെ ഈരേഴു പതിനാലു ലോകത്തിലും എന്തിനേയും കുറിച്ചു വിജ്ഞാനം വിളംപാന്‍ മന്ത്രി സുധാകരന്‍ മാത്രമെ ഉള്ളു എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്‌. സമാധാനം ആയി. നിങ്ങളും ഉണ്ടല്ലോ.
പറയു. വേറെ എന്തൊക്കെ?
നമ്മുടെ തന്കു ബ്രദര്‍ ഒന്നും തെറ്റായി ചെയ്തിട്ടില്ലത്രേ. അവിടെ നിന്നു കിട്ടിയ ഡോളറും മറ്റും കോട്ടയത്തെ സാധുക്കളുടെ അത്താഴത്തിനു പച്ചരി വാങ്ങാന്‍ വച്ചിരുന്നത്എന്നാണ് അച്ചായന്റെ പത്രവും കത്തനാരുടെ പത്രവും പറയുന്നത്‌.
അപ്പോള്‍ യോഹന്നാനും സാം കുഴിക്കാലയും നല്ലവര്‍ തന്നെ ആയിരിക്കുമല്ലോ?
സംശയം എന്തിന്? അവര്‍ ദൈവ വിളി കിട്ടിയ കുഞ്ഞാടുകള്‍ അല്ലേ?
അപ്പൊ ഗുരോ ഒരു സംശയം.
ചോദിക്കൂ മകാ.
ഈ ഹിന്ദു ഫാസിസ്റ്റ്‌ മക്കളെ നിരോധിക്കാന്‍ നമ്മുടെ അച്ചുമാനും പിണറായി സഖാവും നടപടി എട്‌ക്കുമോ?
നല്ല ചോദ്യം. ആദ്യം ഒന്നു മനസിലാക്കുക. എല്ലാരും നുനപക്ഷം ആയാല്‍ സഖാക്കള്‍ക്ക് വോട്ടു കിട്ടുമോ? അവര്‍ ജാതി നോക്കിയെ കുത്ത്തൂ. അതുകൊണ്ട് ഹിന്ദു എന്ന കഴുതകളെ പുരോഗമന കുപ്പായം ഇടീച്ചു നിര്‍ത്തണം. ഇടക്കിടെ ബുദ്ധി ജീവി, നിരീശ്വര വാദി എന്നിങ്ങനെ വിളിചോണ്ടിരുന്നാല്‍ മതി.
ഗുരോ, വര്‍ഗീയത പറയരുത്. അങ്ങും ഹിന്ദു അല്ലേ? നമ്മള്‍ പുരോഗമന വാദികള്‍ അല്ലേ?
ശരി ശിഷ്യാ, വേറെ എന്താണ് അറിയേണ്ടത്?
മലപ്പുറത്ത്‌ മൊത്തം സിദ്ധന്‍ തരംഗം ആണെന്നാണല്ലോ നമ്മുടെ ആര്യാടന്റെ മോന്‍ പറയുന്നത്‌.
ശിഷ്യാ, വേണ്ടാതിടത് കയറി തല ഇടല്ലെ.
എന്താണ് ഗുരോ ഒരു ഇരട്ടത്താപ്പ്‌
തല ഉണ്ടെങ്ങിലല്ലേ ഉരിയാടാന്‍ ഒക്കൂ ശിഷ്യാ.
അങ്ങനെയാണോ? എന്നാല്‍ അത് കേള്‍ക്കുമ്പോള്‍ നമുക്കു നാസ ചൊവ്വയില്‍ കണ്ട കാഴ്ചകള്‍ പറയാം.
ബലേ ഭേഷ് ശിഷ്യാ. അപ്രിയ സത്യം കേട്ടിട്ടില്ല അറിഞ്ഞിട്ടില്ല.

Monday, May 26, 2008

എന്തെല്ലാം കാണണം എന്‍റെ ചാനല്‍ ഭഗവാനെ!

സന്തോഷ് മാധവനില്‍ തുടങ്ങി ഹിമവല്‍ ഭദ്രാനന്ദ എന്ന ഹിമാലയന്‍ ആസാമിമാര്‍ വരെ കളത്തില്‍ നിറയുമ്പോള്‍ പാവം കള്ളന്മാര്‍ എന്ത് ചെയ്യും എന്നായിരുന്നു ഈ സാധുവിന്റെ ചിന്ത. ചിന്തിച്ചു ചിന്തിച്ച് അന്തമില്ലാതെ ഇരിക്കുമ്പോഴാണ് പുതിയ ഞെട്ടിപ്പിക്കലുകളുമായി ചാനല്‍ മിടുക്കന്മാര്‍ എത്തിയത്. ദൈവത്തിനു സ്തുതി.
ഇന്ത്യവിഷന്‍ ചാനലും അതിലെ ചില മിടുക്കന്മാരും മിടുക്കികളും ഇല്ലായിരുന്നെങ്കില്‍ മലയാള നാട് എന്നേ മുടിഞ്ഞേനെ.
ഒരു കണ്ണ് തെങ്ങേലും മറ്റേ കണ്ണ് മാട്ടെലും ആയി കരുണാകരന്‍ അടക്കം ഉള്ള വമ്പന്മാരെ നിലക്ക് നിര്‍ത്തുന്ന ചില തരുണികളും കയ്യില്‍ പെന്‍സില്‍ ഇല്ലാതെ വാ തുറക്കാത്ത ചില ചേട്ടന്മാരും ഉള്ളപ്പോള്‍ മലയാള മക്കള്‍ എന്തിന് ഭയക്കണം?
തന്കു ബ്രദര്‍ സ്വന്തം ബ്രദര്‍ ആയ മട്ടില്‍ ആ ചേട്ടന്മാരും ചേച്ചിമാരും കാണിക്കുന്ന വാല്‍സല്യം കാണാതെ പറയുകയല്ല. പാവപ്പെട്ടവനില്‍ പാവപ്പെട്ടവന്‍ ആയ യോഹന്നാന്‍ ബിഷപ്പ് മലപ്പുറത്ത്‌ കറങ്ങി നടക്കുന്ന സിദ്ധന്‍മാര്‍ തുടങ്ങി എല്ലാരും സ്വന്തം അളിയന്മാര്‍ ആണെന്ന് ഭാവിക്കുന്നത്‌ വളരെ നല്ലത് തന്നെ.
അതൊന്നും അല്ല ഇവിടെ പ്രശ്നം.
കള്ളന്മാര്‍ കാവി ഉടുത്തവര്‍ മാത്രം ആണെന്ന് വ്യക്തം ആയി അറിയാവുന്ന നമ്മുടെ മന്ത്രി
പറയുന്ന ആപ്ത വാക്യങ്ങള്‍ കേള്‍പ്പിച്ചു കേള്‍പ്പിച്ചു മലയാളിയെ പ്രബുദ്ധരാക്കുന്ന എന്‍റെ ചാനല്‍ മഹാന്മാരെ ദൈവം അനുഗ്രഹിക്കട്ടെ. ഇത്ഥം ഓരോന്ന് ചിന്തിച്ചു പുളകിതനായി ഇരിപ്പായിരുന്നു കുറെ ദിവസങ്ങളായി ഈ ഞാന്‍. അപ്പോഴല്ലേ കുഴപ്പക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്‌.
എല്ലാം തകര്‍ക്കാന്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ശ്രമിക്കുകയല്ലേ ഈ ഹിന്ദു പരിവാരുകാര്‍. അവര്‍ക്കിപ്പം നമ്മുടെ പാവം യോഹന്നനെയും തന്കുക്കുട്ടനെയും പിടിക്കണം അത്രേ. നടക്കാത്ത കാര്യം പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്ന ഇവരെ എന്താണ് ചെയ്യുക ഭഗവാനെ....