Saturday, May 31, 2008

സഖാക്കളെ ഉണരൂ ദൈവ വേലയ്ക്ക് സമയമായി

ആദ്യം നല്ല മനുഷ്യനും പിന്നെ നല്ല കമ്മ്യൂണിസ്റ്റുമാകുക എന്നതായിരുന്നു പഴയ കമ്മ്യൂണിസ്റ്റുകളുടെ ആശയം. അതു പണ്ട്‌. ഒറിജിനല്‍ കമ്മ്യൂണിസ്റ്റാകണമെങ്കില്‍ ആദ്യം നല്ല ഒരു പാസ്റ്റര്‍ ആകുകയാണു വേണ്ടതെന്നാണു പുത്തന്‍ വിപ്ലവത്തിന്റെ ആദ്യപാഠം. ഇതു ഞാന്‍ പറയുന്നതല്ല. കൈരളി പീപ്പിള്‍ എന്ന ജനതയുടെ ആത്മാവിഷ്കാരത്തിന്റെ കടിഞ്ഞൂല്‍ സന്തതി ജനസമക്ഷം വിളിച്ചു പറയുന്നതാണ്‌. കഴിഞ്ഞ ദിവസം കൈരളി പീപ്പിള്‍ ചാനല്‍ കണ്ടപ്പോള്‍ സത്യത്തില്‍ ഒന്നമ്പരന്നു. ചാനല്‍ മാറിപ്പോയോ എന്നായിരുന്നു ആദ്യ ശങ്ക. യോഹന്നാന്റെ പവര്‍ വിഷനോ കത്തോലിക്കരുടെ മതേതര ചാനലായ ശാലോമോ കൈപ്പിഴ പറ്റി കടന്നു കൂടിയതാകാമെന്നു കരുതി സൂക്ഷിച്ചു നോക്കി. ഇല്ല. തെറ്റിയിട്ടില്ല. പീപ്പിള്‍ തന്നെ. ഒരു പാസ്റ്റര്‍ നിന്നു യേശു വിളിക്കുന്നു യേശു വിളിക്കുന്നു എന്ന്‌ ചങ്കു പൊട്ടി വിളിക്കുന്നു. അവസാനം പതിവു പാസ്റ്റര്‍ ശൈലിയില്‍ ഇങ്ങനെയും പറഞ്ഞു,....ഇന്നു നീ ദൈവത്തോടു കൂടിയായിരിക്കുന്നു. ഇതു കാണുന്ന എല്ലാവരും കര്‍ത്താവിന്റെ കൂടെയെത്തിയിരിക്കുന്നു. ഏകരക്ഷകനായ യേശു ഇതാ നിന്റെ സകല രോഗ ദുരിതങ്ങളും ഈ നിമിഷത്തില്‍ ശമിപ്പിക്കുന്നു. നമുക്കു പ്രാര്‍ഥിക്കാം.... പിന്നെ അതിശക്തമായ കൊട്ടിപ്പാടി സേവയും.ഇടതു പക്ഷ പുരോഗമന പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുടെ ചാനലില്‍ പെന്തക്കോസ്തു സുവിശേഷമോ എന്നോര്‍ത്തിരുന്നപ്പോള്‍ അന്തവും കുന്തവും ഇല്ലാത്ത നിലയിലായിപ്പോയി. അത്യാവശ്യം ആഗോളീകരണത്തിന്റെയും കമ്പോളവത്കരണത്തിന്റെയും സിംബലുകളായ മെട്രോ ഭാഷയും ഫാഷന്‍ ഷോയും ചുള്ളന്‍മാര്‍ക്കു പെണ്‍പിള്ളേരെ ഓസില്‍ ട്യൂണ്‍ ചെയ്യാനുള്ള അവസരവും നേരത്തേ ഒരുക്കിയതു ചാനല്‍ ബിസിനസില്‍ കാശുണ്ടാക്കാനുള്ള അടവുനയം മാത്രമാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഞാന്‍ പക്ഷേ, സുവിശേഷം കണ്ടപ്പോള്‍ ആകെ തകര്‍ന്നു.ഇതിന്റെ പൊരുളെന്ത്‌ എന്ന്‌ ഏറെ ചിന്തിച്ചു. ചിന്ത ഏറെ കാടുകയറിയെങ്കിലും എത്തും പിടിയും കിട്ടിയില്ല.അങ്ങനെ ചിന്തയില്‍ പടര്‍ന്ന കാട്ടിലെ പടര്‍പ്പുകളില്‍ കുടുങ്ങി ഇരിക്കുമ്പോഴാണു പഴയൊരു സഖാവ്‌ ദര്‍ശനത്തിനെത്തിയത്‌. വിവരം അറിഞ്ഞ സഖാവ്‌ വെറുതേ പൊട്ടിച്ചിരിച്ചു. കാശുള്ളവന്‍ ചിരിക്കുമ്പോള്‍ അര്‍ഥമറിയാതെ കൂടെ ചിരിക്കുന്ന എര്‍ത്തിന്റെ ഭാവത്തോടെ ഞാനും. ചിരി അടങ്ങിയെന്നു തോന്നിയപ്പോള്‍ ചോദിച്ചു.സഖാവെന്തിനാ ചിരിച്ചത്‌യതാനെന്തിനാടോ പൊട്ടാ കൂടെച്ചിരിച്ചത്‌യ-മറുചോദ്യം.കഥയറിയാതെ ആട്ടം കാണലാണല്ലോ പതിവെന്ന ന്യായം സഖാവ്‌ അംഗീകരിച്ചു. പിന്നെ എന്റെ ധര്‍മസങ്കടത്തിനു നിവൃത്തിയുണ്ടാക്കി.താന്‍ ഏതു ലോകത്താടോ ജീവിക്കുന്നത്‌? കുറേ ദിവസമായി നമ്മുടെ ഡിവൈഎഫ്‌ഐ സഖാക്കള്‍ സ്വാമിവേട്ട നടത്തുകയല്ലേ. ഒന്നു രണ്ടു ലോക്കല്‍ നേതാക്കള്‍ ഇതിനിടെ ചില ന്യൂനപക്ഷ മതേതര കച്ചവടക്കാരെക്കുറിച്ചു ചിലതെല്ലാം പരോക്ഷമായി പറഞ്ഞത്‌ അറിഞ്ഞിരിക്കാനിടയില്ല. പക്ഷേ പാര്‍ട്ടി അറിഞ്ഞതിന്റെ തെളിവല്ലേ ഇത്‌. പാസ്റ്റര്‍മാര്‍ നമ്മുടെ ആളുകളാണെന്ന്‌ ഡിഫിക്കാരെ അറിയിക്കാന്‍ ഇനി വേറെ സര്‍ക്കുലര്‍ ഇറക്കേണ്ട കാര്യമുണ്ടോ? പാര്‍ട്ടി ചാനലില്‍ യേശുവിന്റെ സുവിശേഷം വിളമ്പുക എന്നാല്‍ പാര്‍ട്ടിയുടെ പെട്ടി വലുതാക്കുക എന്നാണല്ലോ അര്‍ഥം. ചുരുക്കിപ്പറഞ്ഞാല്‍, പാസ്റ്റര്‍മാരെ തൊട്ടാല്‍ ഡിഫി മക്കളേ നിങ്ങള്‍ അധികകാലം മുന്നോട്ടു പോവില്ല എന്ന ശക്തമായ മുന്നറിയിപ്പു തന്നെ. എല്ലായ്പ്പോഴും പാര്‍ട്ടി സെക്രട്ടറിക്കു നേരിട്ടെത്തി കോട്ടയം സമ്മേളനത്തിലേതു പോലെ കൈകാര്യം ചെയ്യാനാവില്ലല്ലോ. ഇപ്പോ മനസിലായോ പഴയ സഖാവേ? ഉത്തരം കേട്ടിരുന്നപ്പോള്‍ സ്വയം പുച്ഛിക്കുകയായിരുന്നു. സ്വന്തം ബുദ്ധിശൂന്യതയോര്‍ത്ത്‌. വൈകിയില്ല, പീപ്പിളിനയയ്ക്കാനുള്ള കത്തിന്റെ ഏകദേശരൂപം തയാറാക്കി. അടുത്തയാഴ്ച തങ്കു പാസ്റ്ററുടെ പ്രസംഗം പീപ്പിളില്‍ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന്‌, സാം കുഴിക്കാല, യോഹന്നാന്‍ ബിഷപ്പ്‌, ആടു തോമ തുടങ്ങി മതേതരന്മാരും പാവം കോടീശ്വരന്‍മാരുമായ സുവിശേഷ സഖാക്കളേയും പീപ്പിളില്‍ക്കൂടി കേട്ടു മാനസാന്തരപ്പെട്ട്‌ അനുഭവസാക്ഷ്യം പറയാന്‍ അവസരമുണ്ടാക്കുമല്ലോ. സാധിക്കുമെങ്കില്‍ അടുത്ത ഘട്ടമായി തങ്ങള്‍മാരുടെ ചരടുജപിക്കലും ഓതിക്കൊടുക്കലും വെള്ളം ജപിച്ചു തളിക്കലും പരിപാടിയില്‍ ഉള്‍പ്പെടുത്തണം. അതിനു മുമ്പ്‌ ശബരിമലയിലെ മകരവിളക്കിനെക്കുറിച്ചു പത്തു തെറി ചേര്‍ക്കുന്നതും നന്നായിരിക്കും.

4 comments:

ഫസല്‍ ബിനാലി.. said...

കൈരളിക്കെപ്പോഴും ആദര്‍ശത്തിന്‍റെ ഞെരമ്പു രോഗമുണ്ട്, അതുകൊണ്ടാണ്‍ കൈരളിയുടെ ഫ്ലാഷ്ന്യൂസ് മുകളില്‍ എഴുതിക്കാണിക്കുന്നത്, അതില്‍ ഡിഫിയുടേയും വല്യേട്ടന്‍റെയും ആള്‍ദൈവങ്ങള്‍ക്കെതിരേയുള്ള പ്രസ്ഥാവനകള്‍ എഴുതിക്കാണിക്കുമ്പോള്‍ താഴെയുള്ള പരസ്യ ബോര്‍ഡില്‍ പെരിങ്ങോട്ടുകരയിലുള്ള ദാമോദരന്‍റെ ചാത്തന്‍സേവാ മടത്തിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നത്,

Shabeeribm said...

യതാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ കരോന്നും ഇപ്പൊ ഇല്ല മാഷേ

ഭൂലോകം said...

ബാലേട്ടാ,
എഴുതുമ്പോള്‍ paragraph തിരിച്ചാല്‍ വായന കുറച്ചുകൂടി എളുപ്പമാകും എന്നു തോന്നുന്നു.

--എഴുത്തിലെ ബോറിംഗ്‌ കുറഞ്ഞു വരുന്നുണ്ട്‌ കേട്ടൊ--

NetLokam said...

ഫയര്‍ ഫോക്സ്‌ ഗിന്നസ്‌ ബൂക്കിലേയ്ക്ക്‌