Wednesday, December 31, 2008

ചൂടുതേടിപ്പോയാല്‍ അഴിയെണ്ണാം

ചൂടന്‍ രംഗങ്ങള്‍ തേടി ഇന്‍റര്‍നെറ്റില്‍ പരതുന്നവരേ. നിങ്ങളെ കാത്തിരിക്കുന്നതു കൈവിലങ്ങും ജയിലഴികളും. കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തില്‍ തിടുക്കപ്പെട്ടു പാസാക്കിയ വിവരസാങ്കേതിക നിയമ ഭേദഗതി ബില്‍ പ്രകാരം അശ്ലീല സൈറ്റുകള്‍ പരതുന്നതു മാത്രമല്ല കുറ്റം. ആരെങ്കിലും ഇ-മെയില്‍ പാസ്‌വേഡ് അടിച്ചു മാറ്റി എന്തെങ്കിലും കുറ്റകരമായ മെയില്‍ അയച്ചാലും അകത്താവുക യഥാര്‍ഥ ഉടമയാകും. വൈറസ് കയറിയ കമ്പ്യൂട്ടറില്‍ ചിലപ്പോള്‍ മനസറിയാതെ കടന്നെത്തുന്ന അശ്ലീല ചിത്രങ്ങളും നിങ്ങളെ കുടുക്കും. സംശയം തോന്നുന്നവരുടെ വീട്ടില്‍ അനുവാദമോ വാറന്‍റോ ഇല്ലാതെ എസ്ഐ മുതലുള്ള പോലീസുകാര്‍ക്ക് യഥേഷ്ടം പ്രവേശിക്കാം. കാര്യമായ ചര്‍ച്ചയൊന്നുമില്ലാതെ പാസാക്കിയ ബില്‍ പ്രകാരം അശ്ലീല ചിത്രമോ വീഡിയോയോ കാണുന്നവര്‍ക്ക് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയും ശിക്ഷയും ലഭിക്കും. കമ്പ്യൂട്ടറുടമ അറിയാതെ ഇന്റര്‍നെറ്റിലെ അശ്ളീലചിത്രങ്ങള്‍ മറ്റാരെങ്കിലും കണ്ടു രസിച്ചാലും അഴിയെണ്ണുക ഉടമ തന്നെ. മിക്കവാറും ചെറുപ്പക്കാര്‍ പിള്ളേര്‍ ഇന്‍റര്‍നെറ്റ് ഉപേക്ഷിക്കാനുള്ള സാധ്യത കാണുന്നുണ്ട്. കൂടുതല്‍ അറിയണമെന്നുള്ളവര്‍ വാര്‍ത്താകേരളം ഡോട്ട്കോം തിരയൂ.

Friday, December 26, 2008

കണ്ടു പഠിക്കൂ സാര്‍ ബഹന്‍ജിയെ

ഉത്തര്‍പ്രദേശില്‍ നിന്നാണു പുതിയ വാര്‍ത്ത. അവിടത്തെ പൊതുമരാമത്ത് വകുപ്പിലെ ഒരു എന്‍ജിനീയറായ മനോജ് ഗുപ്തയെ ഭരണകക്ഷി എംഎല്‍എ ശേഖര്‍ തിവാരിയുടെ നേതൃത്വത്തില്‍ തല്ലിക്കൊന്നു. രാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കിയായിരുന്നു കൊലപാതകം. മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതിയുടെ ജന്മദിനാഘോഷത്തിനു പിരിവു നല്‍കാന്‍ വിസമ്മതിച്ചതാണത്രേ കൊലപാതകത്തിലെത്തിയത്.
പാവം എന്‍ജിനീയര്‍. അയാള്‍ക്ക് എന്തെങ്കിലും കൊടുത്ത് തെണ്ടാനെത്തിയ രാഷ്ട്രീയപരിഷകളെ ഒഴിവാക്കിക്കൂടായിരുന്നോ എന്നു ചിന്തിക്കുന്നെങ്കില്‍ തെറ്റി. എത്ര തുകയാകാം അദ്ദേഹത്തോടു ചോദിച്ചിരിക്കുകയെന്നത് ഇനിയും വെളിപ്പെട്ടിട്ടില്ല. ഏതായാലും ജന്മദിനത്തിനു തന്‍റെ അക്കൌണ്ടില്‍ ആയിരം കോടി രൂപ എത്തിക്കണമെന്നായിരുന്നത്രേ പാര്‍ട്ടി നേതാവായ മായാവതിയുടെ കല്പന. അക്കണക്കിനു പൊതുമരാമത്ത് എന്‍ജിനീയറോടു ചോദിച്ചിരിക്കുക നിസാര തുകയാവാന്‍ തരമില്ല. ഏതായാലും ശേഖര്‍ തിവാരി അകത്താണ്. അധികം വൈകാതെ പുറത്തിറങ്ങിയാലും അതിശയിക്കേണ്ട. മായാവതി പറഞ്ഞിട്ടുണ്ട് തന്‍റെ അധീനതയിലുള്ള പോലീസ് കേസ് അന്വേഷിക്കുമെന്ന്. പോരേ ജനാധിപത്യം.
ഇതേ ദിവസം തന്നെയാണു കേരളത്തില്‍ പുരോഗമനപരമായ ഒരു പ്രസ്താവനയുമായി ഒരു നേതാവെത്തിയത്. ബിഎസ്‌പിയിലേക്കു ചേക്കേറിയ നമ്മുടെ പഴയ നളിനി നെറ്റോ ഫെയിം നീലന്‍ തന്നെ. സാമൂഹ്യ നീതി നടപ്പാക്കുന്നതു കാണാന്‍ ഉത്തര്‍പ്രദേശിലേക്കു നോക്കണമെന്നും ഇവിടെ നിന്ന് ആരെങ്കിലുമൊക്കെ അവിടെപ്പോയി അതു കണ്ടു പഠിക്കണമെന്നുമാണു നീലന്‍റെ ആവശ്യം. ബഹുജോര്‍.
ഇപ്പോഴിവിടെ അത്യാവശ്യം തല്ലിപ്പൊളിത്തരമൊക്കെയേ രാഷ്ട്രീയക്കാര്‍ കാണിക്കുന്നുള്ളൂ. കേരളത്തിലെ ജനങ്ങളെ അവര്‍ക്ക് അല്പം ഭയമുണ്ട്. പത്രങ്ങളിലെ ഒരു വിഭാഗത്തെ ഭയക്കുകയും വേണം. അഭയയെ കൊന്നവരെ രക്ഷിക്കാന്‍ പ്രാര്‍ഥനായജ്ഞം നടത്തുന്നവരോ, കാശ്മീര്‍ ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമം നിര്‍ത്തി കണ്ണൂരില്‍ ബോംബ് പിടിച്ചു മാധ്യമശ്രദ്ധ മാറ്റാന്‍ പറഞ്ഞവരോ അതുമല്ലെങ്കില്‍ എംആര്‍ മുരളിക്കെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചവരോ ഒക്കെയേ ഇപ്പോഴുള്ളൂ.
ഉത്തര്‍പ്രദേശില്‍ പോയി നീലന്‍റെ നേതാവിന്‍റെ പ്രവര്‍ത്തനരീതി പഠിച്ചു നടപ്പാക്കാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി? ഏതായാലും അങ്ങനെയാരെങ്കിലും പഠനാര്‍ഥം യുപിയിലേക്കു പോകുന്നുണ്ടെങ്കില്‍ അവര്‍ തിരികെയെത്തുംമുമ്പു നാടു വിടണമെന്നാണ് ആലോചിക്കുന്നത്.

Tuesday, December 23, 2008

കൂട്ടുകൂടി നടക്കാം, പാട്ടും പാടി ജീവിക്കാം

കമ്പനി കൂടി നടന്നു ചീത്തയാകരുതെന്നു കുട്ടികളെ ഉപദേശിക്കാന്‍ വരട്ടെ. അതു പഴയ ചിന്ത. സുഹൃദ് വലയം വിപുലമാന്നതിലൂടെ നിങ്ങളെ കാത്തിരിക്കുന്നതു സന്തോഷം നിറഞ്ഞ ജീവിതമാണെന്നാണു പുതിയ കണ്ടെത്തല്‍. ( വിശദാംശങ്ങള്‍ വാര്‍ത്താകേരളം ഡോട്ട്കോമില്‍) രണ്ടു പേരായാല്‍ ഒരു കമ്പനി, മൂന്നു പേരായാല്‍ ആള്‍ക്കൂട്ടം എന്ന പഴയ സിദ്ധാന്തം വലിച്ചെറിയാം.

കുറഞ്ഞതു പത്തു സുഹൃത്തുക്കളുമായെങ്കിലും കമ്പനി കൂടുന്നതു സന്തോഷത്തിന്‍രെ വാതായനങ്ങള്‍ തുറന്നു തരുമെന്നാണു മനശാസ്ത്ര ഗവേഷകരുടെ കണ്ടുപിടിത്തം. അഞ്ചോ അതിലും താഴെയോ സുഹൃത്തുക്കള്‍ മാത്രമുള്ളവരാകട്ടെ എക്കാലവും മാനസിക ദുരിതങ്ങള്‍ പേറുന്നവരാകുമെന്നും അവര്‍ പറയുന്നു. സംഗതി സായിപ്പിന്‍റെ നാട്ടിലെ കണ്ടു പിടിത്തമാണെങ്കിലും നമുക്കും കുറേയൊക്കെ ഇതു ബാധകമായേക്കാം. പ്രത്യേകിച്ചും മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍.

ഗവേഷകര്‍ നമ്മുടെ നാട്ടില്‍ ചിലര്‍ ചെയ്യുന്നതുപോലെ വീട്ടിലിരുന്നു കണക്കുകൂട്ടി കണ്ടുപിടിച്ചതൊന്നുമല്ല ഇത്. നൂറുകണക്കിനു സ്ത്രീപുരുഷന്‍മാരെ പഠനവിധേയരാക്കിയാണു നിഗമനത്തിലെത്തിയത്. സുഹൃത്തുക്കള്‍ നമ്മളെയാണോ നമ്മള്‍ സുഹൃത്തുക്കളെയാണോ സന്തോഷഭരിതരാക്കുന്നതെന്നു ചിന്തിക്കേണ്ട. എല്ലാവരും സന്തോഷത്തില്‍ത്തന്നെയാകുന്നു.

Monday, December 22, 2008

ഭീകരരെ പിടിക്കാന്‍ മുളകുപൊടി

നിരപരാധികളെ തോക്കിന്‍മുനയില്‍ ബന്ദികളാക്കി നിര്‍ത്തി സാമ്രാജ്യസൃഷ്ടിക്കിറങ്ങുന്ന ഭീകരര്‍ സൂക്ഷിക്കുക. നിങ്ങളെ തുരത്താന്‍ പുതുയ മാര്‍ഗം വരുന്നു. സംഗതി ലളിതമാണ്. നമ്മുടെ നാട്ടിന്‍പുറത്തെ കള്ളന്‍മാരുടെ പഴയ ആയുധം തന്നെ. മുളകുപൊടി. മുളകുപൊടി നിറച്ച ഗ്രനേഡുകളുമായിട്ടായിരിക്കും ഇനി ഭീകരവിരുദ്ധ സേന രംഗത്തിറങ്ങുക. ഏതു ഭീകരനായാലും മുളകുപൊടിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലല്ലോ. പറുദീസ വാഗ്ദാനം ചെയ്യുന്ന അദൃശ്യകരത്തിന്‍റെ ആശീര്‍വാദത്തോടെയാണു നിരപരാധികളെ കൊന്നൊടുക്കുന്നതെന്നാണല്ലോ ഭീകരരുടെ ജിഹാദി ന്യായം. മുളകുപൊടി മൂക്കിലും നെഞ്ചിലും അടിഞ്ഞുകൂടുമ്പോള്‍ ആയുധമെടുപ്പിച്ച ആ അദൃശ്യശക്തിയും തുണയാവില്ലെന്നറിയുക. പ്രതിരോധ ഗവേഷണ വിഭാഗമാണു പുതിയ ആയുധത്തിനു രൂപം നല്‍കുന്നത്. മുളകിന്‍റെ വീര്യം നിറഞ്ഞ പുക മാളത്തിലൊളിക്കുന്ന ഏതു ഭീകരനെയും പുറത്തു ചാടിക്കും. വാര്‍ത്താകേരളം ഡോട്ട് കോമില്‍ വാര്‍ത്ത പൂര്‍ണരൂപത്തിലുണ്ട്.

Saturday, December 20, 2008

ഭീകരരെ നേരിടാന്‍ എന്തെല്ലാം ചെയ്യണം

അഭയക്കേസിലെ പ്രതികളെ നാര്‍ക്കോ അനാലിസിസിനു വിധേയമാക്കിയതു തെറ്റാണെന്നു വാദിക്കുന്നവര്‍ ബ്രിട്ടനിലേക്കു നോക്കുക. അവിടെ ഭീഷണിയാകുന്ന ഇസ്ലാമിക ഭീകരവാദത്തെ നേരിടാന്‍ പിടിയിലായ ഭീകരനേതാക്കളുടെ മനസു മാറ്റിയെടുക്കാനുതകുന്ന മനശാസ്ത്ര രീതികളാണ് തുടങ്ങിയിരിക്കുന്നത്. ആഗോള തലത്തില്‍ ഭീഷണിയാകുന്ന ഇസ്‌ലാമിക തീവ്രവാദത്തെ നേരിടാന്‍ ബ്രിട്ടനിലെ ജയിലുകളില്‍ രഹസ്യമായാണു പുതിയ പരീക്ഷണം നടത്തുന്നത്. ഇതേക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് വാര്‍ത്താകേരളം ഡോട്ട്കോമിലുണ്ട്.

ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പിടിയിലായി ജയിലില്‍ കഴിയുന്ന ഇസ്ലാമിക തീവ്രവാദികളുടെ മനസിനെ മാറ്റാന്‍ ശാസ്ത്രീയമായി അവരുടെ മനസിനെ ഡിപ്രോഗ്രാമിംഗ് നടത്തുകയാണു മനശാസ്ത്രജ്ഞര്‍. മനസില്‍ അടിയുറച്ചിരിക്കുന്ന അന്ധമായ മതഭ്രാന്തിനെ തെറാപ്പിയിലൂടെ ഇല്ലാതാക്കാനാണു ശ്രമം.

കഴിഞ്ഞ ജനുവരിയില്‍ നീതിന്യായ മന്ത്രാലയം രൂപീകരിച്ച സ്പെഷല്‍ എക്സ്ട്രിമിസം യൂണിറ്റാണ് ഇതിനു മുന്‍കൈയെടുക്കുന്നത്. ബ്രിട്ടനിലെ ജയിലുകളില്‍ ഇസ്ലാമിക തീവ്രവാദം പടരുന്നതു തടയാനാണു ശ്രമം. വൈറ്റ്മൂര്‍ ജയിലിലെ മുസ്ലിം തടവുകാരില്‍ ഇതു പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇപ്പോള്‍ 90 പേരാണു ജയിലിലുള്ളത്. ഇതു തുടര്‍ന്നാല്‍ ഇസ്ലാമിക സംഘടനകളുടെ ജിഹാദ് പ്രസ്ഥാനവും ഭീകരവാദവും വ്യാപിച്ചേക്കുമെന്ന ഭീതിയാണു ബ്രിട്ടനിലെ അധികൃതര്‍ക്കുള്ളത്. തടവുകാരില്‍ 11 ശതമാനം മുസ്ലിങ്ങളാണെന്നത് അവരുടെ ഭീതി ഇരട്ടിപ്പിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താകേരളത്തില്‍.

Friday, December 19, 2008

അഭയയോടില്ലാത്ത സ്നേഹം പ്രതികളോടോ?

വിവാദങ്ങളില്‍ നിന്നു വിവാദത്തിലേക്ക് ഏറെ യാത്ര ചെയ്താണ് ഒടുവില്‍ അഭയയുടെ ഘാതകരെക്കുറിച്ചു സൂചനകള്‍ പുറത്തു വന്നത്. രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും പിടിയിലായി. ഇതോടെ കളം മാറുന്ന കാഴ്ചയാണു ചുറ്റും. നിരന്തരം തുടരുന്ന പ്രസ്താവനായുദ്ധങ്ങള്‍. പ്രാര്‍ഥനായോഗങ്ങള്‍, ഉപവാസ പ്രാര്‍ഥനകള്‍. ഏറ്റവുമൊടുവില്‍ അഭയക്കേസുമായി ബന്ധപ്പെട്ടു ക്രിസ്ത്യാനികളെ താറടിച്ചു കാണിക്കാന്‍ ചില പത്ര, ദൃശ്യ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കെസിബിസി ജാഗ്രതാ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നു. സിനിമാല പോലുള്ള പരിപാടികളില്‍ വൈദികരെയും സന്യസ്തരെയും അവഹേളിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. സിനിമാല എന്നത് ഒരു ഹാസ്യപരിപാടിയാണ്. ഇതില്‍ പലരെയും പല സന്ദര്‍ഭങ്ങളിലും വിമര്‍ശിച്ചിട്ടുണ്ടു താനും. അവരാരും ഇത്തരം പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടില്ല. സന്തോഷ് മാധവനെയും അമ്മ തായ എന്ന സ്ത്രീയെയും കുറിച്ചു സിനിമാല പരിപാടി അവതരിപ്പിച്ചിരുന്നു. അതിലെ ഹാസ്യം ആസ്വദിക്കുകയല്ലാതെ ഹിന്ദുക്കള്‍ക്കെതിരായ നീക്കമെന്ന ആരോപണവുമായി ആരെങ്കിലും രംഗത്തുവന്നതായി പറഞ്ഞുകേട്ടിട്ടുപോലുമില്ല. ളോഹയണിഞ്ഞ രണ്ടു പേരെ അനുകരിച്ചതോടെയാണു മതേതരത്വത്തിന്‍റെ ഭാഗമെന്നു ദിവസവും സ്വയം വിശേഷിപ്പിക്കുന്നവര്‍ പടയ്ക്കിറങ്ങുന്നത്. അഭയക്കേസ് ഒതുക്കാന്‍ തുടക്കം മുതലേ ഉന്നത തലത്തില്‍ ശ്രമമുണ്ടായിരുന്നെന്നതു രഹസ്യമല്ല. ആരൊക്കെയാണോ കേസ് ഒതുക്കാന്‍ ശ്രമിച്ചത്, അവര്‍ക്കെതിരേ തിരിയാന്‍ തുടങ്ങുന്നുവെന്നതാണു സിബിഐ ചെയ്യുന്ന തെറ്റ്. വിശദമായ വാര്‍ത്ത വാര്‍ത്താകേരളം ഡോട്ട് കോമില്‍

Saturday, December 13, 2008

സൂക്ഷിക്കുക, ഫേസ്‌ബുക്കിലും വൈറസ്

ഫേസ്‌ബുക്കിലൂടെ സൌഹൃദം പങ്കിടുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്നു വിലയേറിയ ക്രെഡിറ്റ് കാര്‍ഡ് നമ്പരുകളുള്‍പ്പെടെയുള്ളവ തട്ടിയെടുക്കപ്പെട്ടേക്കാം. 'കൂബ്‌ഫേസ്' എന്നു പേരായ ഒരു വൈറസാണു വില്ലന്‍ വേഷത്തില്‍ ഫേസ്‌ബുക്കിലെ കൂട്ടായ്മയിലേക്കു നുഴഞ്ഞു കയറുന്നത്. ഫേസ്‌ബുക്കിലെ മെസേജുകളിലൂടെയാണു വൈറസ് രംഗപ്രവേശം ചെയ്യുന്നത്. പൊതുവേ, ഫേസ്‌ബുക്കിലൂടെയെത്തുന്ന മെസേജുകള്‍ വിശ്വസ്ത സുഹൃത്തുക്കളുടേതായതിനാല്‍ ആരും സംശയിക്കാതെ തുറക്കും. അതു തന്നെയാണു വൈറസുകളെ കടത്തിവിടുന്നവരുടെയും ലക്ഷ്യം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ കടന്നുകയറുന്ന ഹാക്കര്‍മാരുടെ പുത്തന്‍ തന്ത്രമാണു ഫേസ്‌ബുക്കിലൂടെ പരക്കുന്നത്. ഇതു കൊണ്ടുപോകുന്നതു നിസാര ഡേറ്റകളൊന്നുമല്ല. ക്രെഡിറ്റ് കാര്‍ഡ് നമ്പരുകളുള്‍പ്പെടെയുള്ള സാമ്പത്തിക രംഗമാണു വൈറസിന്‍റെ വിളയാട്ടഭൂമി.... കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താകേരളം.കോമിലുണ്ട്. അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.