Friday, December 26, 2008

കണ്ടു പഠിക്കൂ സാര്‍ ബഹന്‍ജിയെ

ഉത്തര്‍പ്രദേശില്‍ നിന്നാണു പുതിയ വാര്‍ത്ത. അവിടത്തെ പൊതുമരാമത്ത് വകുപ്പിലെ ഒരു എന്‍ജിനീയറായ മനോജ് ഗുപ്തയെ ഭരണകക്ഷി എംഎല്‍എ ശേഖര്‍ തിവാരിയുടെ നേതൃത്വത്തില്‍ തല്ലിക്കൊന്നു. രാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കിയായിരുന്നു കൊലപാതകം. മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതിയുടെ ജന്മദിനാഘോഷത്തിനു പിരിവു നല്‍കാന്‍ വിസമ്മതിച്ചതാണത്രേ കൊലപാതകത്തിലെത്തിയത്.
പാവം എന്‍ജിനീയര്‍. അയാള്‍ക്ക് എന്തെങ്കിലും കൊടുത്ത് തെണ്ടാനെത്തിയ രാഷ്ട്രീയപരിഷകളെ ഒഴിവാക്കിക്കൂടായിരുന്നോ എന്നു ചിന്തിക്കുന്നെങ്കില്‍ തെറ്റി. എത്ര തുകയാകാം അദ്ദേഹത്തോടു ചോദിച്ചിരിക്കുകയെന്നത് ഇനിയും വെളിപ്പെട്ടിട്ടില്ല. ഏതായാലും ജന്മദിനത്തിനു തന്‍റെ അക്കൌണ്ടില്‍ ആയിരം കോടി രൂപ എത്തിക്കണമെന്നായിരുന്നത്രേ പാര്‍ട്ടി നേതാവായ മായാവതിയുടെ കല്പന. അക്കണക്കിനു പൊതുമരാമത്ത് എന്‍ജിനീയറോടു ചോദിച്ചിരിക്കുക നിസാര തുകയാവാന്‍ തരമില്ല. ഏതായാലും ശേഖര്‍ തിവാരി അകത്താണ്. അധികം വൈകാതെ പുറത്തിറങ്ങിയാലും അതിശയിക്കേണ്ട. മായാവതി പറഞ്ഞിട്ടുണ്ട് തന്‍റെ അധീനതയിലുള്ള പോലീസ് കേസ് അന്വേഷിക്കുമെന്ന്. പോരേ ജനാധിപത്യം.
ഇതേ ദിവസം തന്നെയാണു കേരളത്തില്‍ പുരോഗമനപരമായ ഒരു പ്രസ്താവനയുമായി ഒരു നേതാവെത്തിയത്. ബിഎസ്‌പിയിലേക്കു ചേക്കേറിയ നമ്മുടെ പഴയ നളിനി നെറ്റോ ഫെയിം നീലന്‍ തന്നെ. സാമൂഹ്യ നീതി നടപ്പാക്കുന്നതു കാണാന്‍ ഉത്തര്‍പ്രദേശിലേക്കു നോക്കണമെന്നും ഇവിടെ നിന്ന് ആരെങ്കിലുമൊക്കെ അവിടെപ്പോയി അതു കണ്ടു പഠിക്കണമെന്നുമാണു നീലന്‍റെ ആവശ്യം. ബഹുജോര്‍.
ഇപ്പോഴിവിടെ അത്യാവശ്യം തല്ലിപ്പൊളിത്തരമൊക്കെയേ രാഷ്ട്രീയക്കാര്‍ കാണിക്കുന്നുള്ളൂ. കേരളത്തിലെ ജനങ്ങളെ അവര്‍ക്ക് അല്പം ഭയമുണ്ട്. പത്രങ്ങളിലെ ഒരു വിഭാഗത്തെ ഭയക്കുകയും വേണം. അഭയയെ കൊന്നവരെ രക്ഷിക്കാന്‍ പ്രാര്‍ഥനായജ്ഞം നടത്തുന്നവരോ, കാശ്മീര്‍ ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമം നിര്‍ത്തി കണ്ണൂരില്‍ ബോംബ് പിടിച്ചു മാധ്യമശ്രദ്ധ മാറ്റാന്‍ പറഞ്ഞവരോ അതുമല്ലെങ്കില്‍ എംആര്‍ മുരളിക്കെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചവരോ ഒക്കെയേ ഇപ്പോഴുള്ളൂ.
ഉത്തര്‍പ്രദേശില്‍ പോയി നീലന്‍റെ നേതാവിന്‍റെ പ്രവര്‍ത്തനരീതി പഠിച്ചു നടപ്പാക്കാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി? ഏതായാലും അങ്ങനെയാരെങ്കിലും പഠനാര്‍ഥം യുപിയിലേക്കു പോകുന്നുണ്ടെങ്കില്‍ അവര്‍ തിരികെയെത്തുംമുമ്പു നാടു വിടണമെന്നാണ് ആലോചിക്കുന്നത്.

1 comment:

shajkumar said...

ഭാവി പ്രധാന മന്ത്രിയാ..സാറെ.. ബ്ബഹന്‍ എനിക്കു തന്ന പ്റോത്സാഹനം തുടരുമല്ലൊ?