Thursday, February 19, 2009

കിണ്ണം കട്ടതാര്? അവനോ ഇവനോ?

ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല. കിണ്ണംകട്ടതു പിണറായിയോ യുഡിഎഫോ എന്നതാണ് ഇന്നത്തെ ചോദ്യം. ആരായാലും ശരി, ആരോ കട്ടിട്ടുണ്ടെന്നതു വാസ്തവം. ലാവ്‌ലിന്‍, ലാവ്‌ലിന്‍ എന്നു കേട്ടുതുടങ്ങിയിട്ടു നാളേറെയായി. ആരൊക്കെയോ പാവപ്പെട്ട മലയാളിയുടെ നികുതിപ്പണം കൊണ്ടു പുട്ടടിച്ചു എന്നതല്ലാതെ സാധാരണക്കാരന്‍ എന്തറിയാന്‍. ഇതു പോലും മനസിലാകാത്തവരുണ്ട് എന്നതിനു നവകേരള യാത്രയ്ക്ക് അണിഞ്ഞൊരുങ്ങിപ്പോയി സിന്ദാബാദ് വിളിക്കുന്നവര്‍ തന്നെ തെളിവ്.
എസ്എന്‍സി ലാവ്‌ലിന്‍ എന്ന വിവാദ കമ്പനിയാണു പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം പുതുക്കാത്തതുകൊണ്ടാണ് മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിക്കേണ്ട സഹായം പൂര്‍ണമായി ലഭിക്കാതിരുന്നതെന്നു ലാവ്‌ലിന്‍ ബുധനാഴ്ച അവരുടെ വെബ്സൈറ്റില്‍ വിശദീകരിച്ചു. (വാര്‍ത്താകേരളം ഡോട്കോമില്‍) മണിക്കൂറുകള്‍ക്കു മുമ്പാണു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതേ ആരോപണം ഉന്നയിച്ചതെന്നതാണ് ഏറെ ശ്രദ്ധേയം. പിണറായി പറഞ്ഞുതീരുംമുമ്പേ ലാവ്‌ലിന്‍ വെബ്സൈറ്റില്‍ ഇതേ കാര്യം പറയുകയും പാര്‍ട്ടി ചാനല്‍ കൊണ്ടാടുകയും ചെയ്തത് യാദൃച്ഛികമെന്നു കരുതണമെങ്കില്‍ അടിയുറച്ച സിപിഎം അണിയോ സിഐടിയു യൂണിയനില്‍ അംഗമാകാന്‍ കൊതിച്ചിരിക്കുന്നവരോ ആകണം. അല്ലെങ്കില്‍ ദേശാഭിമാനി മാത്രം വായിക്കുന്നവരായിരിക്കണം. അവര്‍ മറ്റൊന്നും വായിക്കാത്തതുകൊണ്ട് അതില്‍ കാണുന്നതു മാത്രമാണു സത്യം.

ലാവ്‌ലിനും പിണറായിയും തമ്മിലുള്ള ശക്തമായ ബന്ധമാണ് പുതിയ നീക്കം തെളിയിക്കുന്നതെന്നു യുഡിഎഫ് നേതാക്കള്‍ മാത്രമല്ല ചിന്തിച്ചു പോവുക. ലാവ്‌ലിന്‍ നല്‍കിയ വിശദീകരണപ്രകാരം 1998 ഏപ്രില്‍ 25-നാണ് 180 ദിവസത്തെ കാലാവധിയുമായി ധാരണാപത്രം ഒപ്പിട്ടത്. എന്നാല്‍ ഇതു തയാറാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം പുതുക്കിയില്ല. 2001-ല്‍ അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ധാരണാപത്രം പുതുക്കാന്‍ തയാറായില്ലെന്നും ഇതേത്തുടര്‍ന്നു കരാര്‍ അസാധുവാകുകയായിരുന്നെന്നുമാണു കമ്പനി പറയുന്നത്.
ആരു പറയുന്നതാണു സത്യം? അല്ല, സത്യം അറിയണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം?

Monday, February 2, 2009

അഞ്ഞൂറു രൂപയ്ക്കു ലാപ്‌ടോപ്പ്???

വന്നുവന്ന് ലാപ്‌ടോപ്പും വഴിവക്കില്‍ കൂട്ടിയിട്ടു വില്‍ക്കുന്ന സ്ഥിതിയാകുമെന്നു തോന്നുന്നു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ചെന്നെ ഐ. ഐ.ടി എന്നിവിടങ്ങളിലെ സയന്‍റിസ്റ്റുകള്‍ കണ്ടുപിടിച്ച പുതിയ ലാപ്‌ടോപ്പിനു വില അഞ്ഞൂറു രൂപയേ വരൂവത്രേ. ഫെബ്രുവരി മൂന്നിനു തിരുപ്പതിയില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ലാപ്‌ടോപ്പിനെ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണു വാര്‍ത്ത. (വാര്‍ത്താകേരളം ഡോട്ട് കോമില്‍) തിരുപ്പതിയിലെ സെമികണ്ടക്ടര്‍ കോംപ്ളക്സുമായി സഹകരിച്ചായിരിക്കും ഈ കുഞ്ഞന്‍ പിറക്കുക. 2 ജി.ബി മെമ്മറി (എക്സ്പാന്‍ഡബിള്‍), വൈഫൈ, ഈതര്‍നെറ്റ് സൌകര്യങ്ങളോടയാണു പുത്തന്‍കൂറ്റുകാരന്‍റെ വരവ്. 2 വാട്സ് പവറിലായിരിക്കും പുതിയ ലാപ്‌ടോപ് പ്രവര്‍ത്തിക്കുക. ഇക്കാരണത്താല്‍ താരതമ്യേന വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്ന ഗ്രാമപ്രദേശങ്ങളില്‍ ഇതു സുഗമമായി പ്രവര്‍ത്തിപ്പിക്കാനാവും. സോളാര്‍ വൈദ്യുതിയോ ഡൈനമയോ ഉപയോഗിച്ചു സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തിലും ഗവേഷണം നടക്കുന്നുണ്ട്. അതുകൂടി ശരിയായാല്‍ ആനന്ദലബ്ധിക്കിനിയെന്തു വേണം?