Friday, January 23, 2009

ഒരു ലാവ്‌ലിന്‍ കുലംകുത്തി

കാന്‍സര്‍ സെന്‍ററിനു കാശ് കിട്ടിയോ എന്നറിയില്ല. ഭെല്ലിനെ മറികടന്ന് വിദേശത്തെ എസ്എന്‍സി ലാവ്‌ലിന്‍ എന്ന ഭീമനുമായി കരാറുണ്ടാക്കിയതിലൂടെ സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടായെന്ന കണ്ടെത്തലും ഞങ്ങള്‍ക്കു പ്രശ്നമല്ല. തെരഞ്ഞെടുപ്പുകാലത്ത് കേസ് കുത്തിപ്പൊക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതു ശരിയാണോയെന്നതു മാത്രമാണു ചോദ്യം. പിണറായി വിജയനെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുന്ന സിപിഎം സംസ്ഥാന ഘടകത്തിന്‍റെയും പോളിറ്റ് ബ്യൂറോയുടെയും നിലപാടുകളാണു പറഞ്ഞത്. അല്ലാതെ എന്‍റെയല്ല.
തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കളികള്‍ ഏറെ കളിക്കുന്നവരാണു കോണ്‍ഗ്രസുകാരെന്നത് പുതിയ കാര്യമൊന്നുമല്ല. മദ്രസപഠനത്തെ മതേതര രാഷ്ട്രത്തിലെ ഔദ്യോഗിക പഠനമാക്കിയതു തന്നെ ഉദാഹരണം. അതു പോട്ടെ. വിഷയം വേറെയാണ്. ലാവ്‌ലിനെയും അങ്ങനെയാണു കോണ്‍ഗ്രസ് കാണുന്നതെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ബുദ്ധിജീവികളും പുരോഗമന വാദികളുമടക്കം വാക്കു കൊണ്ടും വാളുകൊണ്ടും പോരാടാന്‍ ആളിനു പഞ്ഞമില്ലാത്ത പാര്‍ട്ടിക്ക് എന്തു പറ്റിയെന്നറിയില്ല. പ്രതികരിക്കാനെത്തുന്നവരെല്ലാം ഒരു തരം മന്ദത ബാധിച്ചവരെപ്പോലെ. കണ്ണടച്ചാല്‍ ഇരുട്ടാകുമെന്ന ധാരണയിലാണു പുലമ്പലേറെയും. പിണറായി കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. അല്ലെങ്കില്‍ അതു കോടതിയില്‍ തെളിയിക്കട്ടെ. ഇങ്ങനെയൊരു നിലപാടെടുക്കുന്നതല്ലേ ഇടതുപക്ഷത്തെ ശക്തമായ പാര്‍ട്ടിക്കു നല്ലത്?
അതിനു പകരം കോണ്‍ഗ്രസിനെ മെക്കിട്ടു കേറിയിട്ടു കാര്യമുണ്ടോ? മായാവതിക്കെതിരേ അന്വേഷണം തുടങ്ങിയത് അവര്‍ യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതു കൊണ്ടാണെന്നും, മുലായത്തിനെതിരായ അന്വേഷണം നിര്‍ത്തിയത് അദ്ദേഹം പിന്തുണ നല്‍കിയതുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടിയാണു കോടിയേരിസഖാവ് ഉള്‍പ്പെടെയുള്ളവര്‍ പടയൊരുക്കം നടത്തുന്നത്. ആണവകരാറിനെച്ചൊല്ലി ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനു പ്രതികാരമാണത്രേ പിണറായിക്കെതിരായ അന്വേഷണം. (തെളിവു ഞങ്ങള്‍ക്കു പ്രശ്നമല്ല).അപ്പോള്‍ കുറേക്കാലമായി ലാവ്‌ലിന്‍ കേസ് അട്ടത്തിരുന്നതു പിന്തുണക്കാരെ സംരക്ഷിച്ചതുകൊണ്ടാണോയെന്നു കൂടി വ്യക്തമാക്കേണ്ടിവരും. അതു വരും ദിവസങ്ങളിലറിയാം.
ഈ വാചകക്കസര്‍ത്തുകളില്‍ ഏറെ ഇഷ്ടപ്പെട്ടത് ഇതൊന്നുമല്ല. ഒരു മുന്‍മന്ത്രിയെ പ്രതിയാക്കാന്‍ അനുമതി തേടിയെന്നേ വാര്‍ത്ത വന്നിരുന്നുള്ളൂ. അതു പിണറായിയാണെന്ന് ആരും പറയുകയോ അറിയുകയോ ചെയ്തിരുന്നില്ല. അപ്പോഴാണു കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞത്. അതോടെ സംഗതി നാറി. പിണറായി തന്നെ കക്ഷിയെന്നു നാട്ടില്‍ പാട്ടായി. ലാവ്‌ലിന്‍റെ നാള്‍വഴി വാര്‍ത്താകേരളത്തിലുണ്ട്. അതൊന്നു നോക്കിയാലറിയാം കേസ് തുടങ്ങിയത് യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ച ശേഷമാണോയെന്ന്. ഏതായാലും സഖാക്കള്‍ വിഷമിക്കേണ്ട. ഇതൊന്നും നമ്മെ ബാധിക്കില്ല. ഒഞ്ചിയവും ഷൊര്‍ണൂരും കഴിഞ്ഞ് അമ്പലപ്പുഴയിലും ചില കുലംകുത്തികളിറങ്ങിയിട്ടുണ്ടല്ലോ. മാധ്യമശ്രദ്ധ മാറ്റാന്‍ എന്തെങ്കിലും പൊടിക്കൈ ആലോചിക്കാം. ലാവ്‌ലിന്‍ പൊങ്ങിവരുമ്പോഴൊക്കെ പതിവുള്ളതാണല്ലോ അത്.

Wednesday, January 21, 2009

സ്കൂളുകള്‍ പൂട്ടാം, മതപാഠശാല തുടങ്ങാം

വര്‍ഗീയത പറയുകയാണെന്നു വിചാരിക്കരുത്. എന്താ ഈ സര്‍ക്കാരിന്‍റെ ഉദ്ദേശ്യം? ഒരു സാധാരണ ഇന്ത്യക്കാരനെന്ന നിലയില്‍ ചോദിച്ചു പോവുകായാണ്. മദ്രസ വിദ്യാഭ്യാസം സര്‍ക്കാര്‍ ജോലി കിട്ടാനുള്ള യോഗ്യതയാക്കുകയാണത്രേ. വെറുതേയങ്ങു പറയുകയല്ല. കേന്ദ്ര മന്ത്രി അര്‍ജുന്‍സിംഗാണു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.വാര്‍ത്താകേരളം ഡോട്ട്കോമില്‍ വാര്‍ത്തയുണ്ട്) സിബിഎസ്ഇ എന്ന വരേണ്യവര്‍ഗ വിദ്യാഭ്യാസത്തിന്‍റെ തത്തുല്യ പദവി മദ്രസാപഠനത്തിനു കൊടുക്കാനാണു തീരുമാനം. ഇനി മുതല്‍ അറബിയും ഖുറാനും പഠിച്ചാല്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ യോഗ്യതയാകുമെന്നു സാരം. അങ്ങനെ ചിന്തിക്കുമ്പോള്‍ സണ്‍ഡേ സ്കൂളുകളില്‍ ഗീതാക്ലാസുകളിലും പഠിക്കുന്നവര്‍ക്കും ഇതേ അവസരം നല്‍കേണ്ടതല്ലേയെന്നു തോന്നിപ്പോയത് വര്‍ഗീയതയാണെങ്കില്‍ ഞാന്‍ തികഞ്ഞ വര്‍ഗീയവാദിയാണെന്നു കൂട്ടിക്കോളൂ. മുസ്‌ലിം സമുദായത്തിന്‍റെ സാമൂഹികമായ ഉന്നതിയാണു സര്‍ക്കാരിന്‍റെ ലക്ഷ്യമെങ്കില്‍ ഇതാണോ ചെയ്യേണ്ടത്? മതപഠന ക്ലാസുകളില്‍ മാത്രം കുട്ടികളെ വിടുന്ന വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കളെ ബോധവത്കരിച്ച് ആ കുട്ടികളെക്കൂടി നിലവാരമുള്ള വിദ്യാഭ്യാസ രീതിയിലേക്ക് എത്തിക്കുകയല്ലേ വേണ്ടത്? (നിലവാരം എന്ന പദത്തെച്ചൊല്ലി തര്‍ക്കം വേണ്ട. പൊതു വിദ്യാഭ്യാസം എന്നേ ഉദ്ദേശിച്ചുള്ളു). അതിനു പകരം പിന്നോക്കം നില്‍ക്കുന്നവരെ കൂടുതല്‍ പിന്നോക്കം നയിക്കുന്നതല്ലേ ഈ സര്‍ക്കാര്‍ നയമെന്നാണ് ഈയുള്ളവന്‍റെ സംശയം. അതാണു സത്യവും. അപ്പോള്‍പ്പിന്നെ സര്‍ക്കാരിന്‍റെ തീരുമാനത്തിനു പിന്നില്‍ എന്താണെന്നു വ്യക്തമല്ലേ. ആസന്നമായ തെരഞ്ഞെടുപ്പ്. അതില്‍ വോട്ടുബാങ്കായിക്കാണുന്ന മത മൌലികവാദികളുടെ വോട്ട് ഒന്നുപോലും ചോരാതെ പെട്ടിയില്‍ വീഴണം. മത മൌലിക വാദത്തിന്‍റെ തെറ്റായ മാര്‍ഗത്തിലേക്കു പുതുതലമുറ വഴുതിവീഴാതെ സൂക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെയാണു മൌലികവാദത്തിന് ഔദ്യോഗിക ഭാഷ്യം ചമയ്ക്കുന്നത്. ഇവിടെയാണു ഞാന്‍ ആദ്യം പറഞ്ഞ വാചകം പ്രസക്തമാകുന്നത്. സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരേ സംഘപരിവാറും ബിജെപിയും രംഗത്തെത്തുമെന്നതില്‍ തര്‍ക്കമില്ല. അതിന് അവരെ നമുക്കു പരമാവധി കുറ്റപ്പെടുത്താം. ഞാന്‍ സംഘപരിവാറൊന്നുമല്ല.(ഇത് ആവര്‍ത്തിച്ചു പറഞ്ഞാല്‍പ്പോലും ഞാന്‍ സംഘപരിവാറിന്‍റെ വക്താവായി ചിത്രീകരിക്കപ്പെടാന്‍ ഈ ഒരു കുറിപ്പു മതിയെന്ന് അറിയാതല്ല.) പക്ഷേ, സംഘപരിവാറോ ബിജെപിയോ ഇല്ലായിരുന്നെങ്കില്‍ ഇവിടെ എന്തെല്ലാം നടക്കുമായിരുന്നു എന്ന ആശങ്ക അസ്ഥാനത്താണോ? ഇനിയിപ്പോള്‍ സംഘപരിവാറില്ലാത്ത ഇന്ത്യയെക്കുറിച്ചു ചിന്തിക്കാം. ഇവിടെ എന്തൊക്കെയാണു സംഭവിക്കുക. പെണ്‍കുട്ടികളെ സ്കൂളില്‍ വിട്ടാല്‍ തട്ടിക്കളയുമെന്നു പെഷവാറിലും സ്വാതിലും താലിബാന്‍ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്ന കാര്യം തന്നെയെടുക്കുക. ഇവിടെയും അവരെ മനസാ അംഗീകരിക്കുന്നവരുണ്ടെന്ന സത്യവും മറക്കാതിരിക്കുക. പുറമേ പറയുന്നില്ലെങ്കിലും അവരുടെ നടപടികള്‍ ശരിയെന്നു കരുതുന്ന എത്രയോ പേരുണ്ടാകാം. അവരെ പിന്തുണച്ച് മത പോലീസും നിര്‍ബന്ധിത പര്‍ദയും ശരിയത്ത് നിയമവും നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയാറാവില്ലേ? പ്രീണനം അതിരില്ലാതെ തുടരുമ്പോഴും അതിന് അല്പമെങ്കിലും വിഘാതമായി നില്‍ക്കുന്നതു സംഘപരിവാറിന്‍റെ ഇടപെടലുകളല്ലേ? ഹമാസ് ഭീകരര്‍ നടത്തുന്ന എല്ലാ അതിക്രമങ്ങളെയും മറച്ചു വച്ച് ഇസ്രായേലിനെ മാത്രം പഴിക്കുന്നതും പ്രീണനത്തിന്‍റെ ഭാഗമാണെന്നു പറഞ്ഞാല്‍, പറയുന്നവന്‍ വര്‍ഗീയവാദിയാകും. പണ്ടു പത്താംക്ലാസ് പരീക്ഷയെഴുതാന്‍ പോയിരുന്നതാണ് ഓര്‍ക്കുന്നത്. അന്നൊക്കെ ഒരു ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ച തീരുന്ന വിധത്തിലായിരുന്നു എസ്എസ്എല്‍സി പരീക്ഷ. മതേതരത്വത്തിന്‍റെ വക്താക്കളായ കോണ്‍ഗ്രസാണ് അതു മാറ്റിയത്. ആന്‍റണി മുഖ്യമന്ത്രിക്കസേര ഒഴിയുന്നതിനു തൊട്ടുമുമ്പു പരീക്ഷാ ദിവസങ്ങളൊന്നു പരിഷ്കരിച്ചു. വെള്ളിയാഴ്ച പരീക്ഷ വേണ്ടത്രേ. അന്നു മുസ്ലിങ്ങള്‍ക്കു പള്ളിയില്‍ പോകേണ്ടതാണെന്നു ന്യായം. അതു വരെ എങ്ങനെയായിരുന്നു പരീക്ഷാര്‍ഥികള്‍ പള്ളിയില്‍ പോയിരുന്നതെന്ന ചോദ്യത്തിനു പ്രസക്തിയില്ല.ഇതാണു മതേതരത്വം. പണ്ടു മലപ്പുറം ജില്ല സൃഷ്ടിച്ചു കൊടുത്ത ഇടതു പുരോഗമന വാദികളും വ്യത്യസ്തമല്ലല്ലോ. സംഘടിതമതത്തെ വോട്ടിനു വേണ്ടി ഉപയോഗിക്കുകയും അതിനു പ്രീണനം മാര്‍ഗമാക്കുകയും ചെയ്യുന്നതില്‍ ആരും പിന്നോക്കമല്ലെന്നു പറഞ്ഞെന്നേയുള്ളൂ. ഇതെല്ലാം കാണുമ്പോള്‍ അറിയാതെ പറഞ്ഞു പോയതാണ്. ദൈവമേ, ഈ സംഘപരിവാറുകൂടി ഇല്ലായിരുന്നെങ്കില്‍?

Saturday, January 10, 2009

ജനം ക്യൂ നിന്നു, ലക്ഷാധിപതികളെ കോടീശ്വരരാക്കാന്‍

രണ്ടു ദിവസം രാജ്യം ക്യൂ നില്‍ക്കുകയായിരുന്നു. ലക്ഷാധിപതികളായ ചുരുക്കം ചില പൊതുമേഖലാ ജീവനക്കാരെ കോടീശ്വരന്‍മാരാക്കാന്‍. ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് എണ്ണക്കമ്പനി ജീവനക്കാര്‍ നടത്തിയ സമരവും തുടര്‍ന്നു ട്രക്കുടമകള്‍ നടത്തിയ സമരവും വലച്ചതു സര്‍ക്കാരിനെയല്ല. സാധാരണ ജനങ്ങളെത്തന്നെ.

സമരം മൂന്നു ദിവസംകൊണ്ടു പിന്‍വലിക്കേണ്ടി വന്നതു ജനവികാരം എതിരായെന്ന തിരിച്ചറിവിലാണ്. രണ്ടാം നാള്‍ മുതല്‍ പെട്രോളും ഡീസലും കിട്ടാനില്ലാതെ ആയിരങ്ങള്‍ വലഞ്ഞപ്പോഴാണു സര്‍ക്കാരിനും ശക്തമായി പ്രതികരിക്കാന്‍ ആര്‍ജവമുണ്ടായത്. എന്തിനായിരുന്നു എണ്ണക്കമ്പനി ജീവനക്കാരുടെ സമരം. അന്നന്നത്തെ അന്നത്തിനു വകയില്ലാതെ വലയുന്ന ലക്ഷങ്ങളുള്ള രാജ്യത്ത് നടത്തുന്ന സമരങ്ങള്‍ക്ക്, അത് ആരു നടത്തിയാലും, നീതീകരണമുണ്ടാകണം. ഇവിടെ ഇല്ലാത്തതും അതു തന്നെ. എണ്ണക്കമ്പനികളിലെ ട്രെയിനിക്കു കിട്ടുന്ന ശമ്പളം പ്രതിമാസം 25000 രൂപയാണ്. തസ്തിക വലുതാകുംതോറും ശമ്പളം ലക്ഷവും കടന്ന് മുന്നേറും. 145000 രൂപ വരെ ശമ്പളമുള്ള ജീവനക്കാരാണു സമരത്തിനിറങ്ങിയതെന്നു സര്‍ക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴാണു നീതീകരണമെന്ന വാക്കിന്‍റെ അര്‍ഥത്തെക്കുറിച്ചു സാധാരണക്കാരന്‍ ചിന്തിക്കേണ്ടിവരുന്നത്. ഇവര്‍ക്കെതിരേ നടപടിയെടുത്താല്‍ ജനങ്ങള്‍ കൂടെ നില്‍ക്കുമെന്ന രണ്ടു ദിവസത്തെ പ്രതികരണം സര്‍ക്കാരിനു ബോധ്യമാക്കിയിട്ടുണ്ടാകാം. അതാണു കടുത്ത നിലപാടുകളിലൂടെ സമരത്തെ അടിച്ചമര്‍ത്താന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചത്.

ഇതിനിടെ, സമരത്തിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളുള്ളതായും സൂചനയുണ്ട്. ക്രൂഡോയില്‍ വിലവര്‍ധനയെത്തുടര്‍ന്ന് അടച്ചിട്ട സ്വകാര്യ എണ്ണക്കമ്പനികള്‍ക്കു ലാഭം കൊയ്യാന്‍ ആഗോള വിലനിലവാരം താഴ്ന്ന സാഹചര്യം അവസരമൊരുക്കുന്നുണ്ട്. ഇതിനു യോജിച്ച കളമൊരുക്കുകയായിരുന്നു സമരക്കാരെന്ന സംശയം തീര്‍ത്തും തള്ളിക്കളയാവുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താകേരളം ഡോട്ട്കോമില്‍.

Thursday, January 1, 2009

രണ്ടായിരത്തി ഒമ്പതാമാണ്ടിലേക്ക്

വീണ്ടുമൊരു പുതുവര്‍ഷപ്പുലരി. വിഹ്വലതകളുടെയും ഭീകരാക്രമണങ്ങളുടെയും ജിഹാദി ഭീഷണിയുടെയും ജനാധിപത്യത്തിനു മേല്‍ പിടിമുറുക്കുന്ന അധികാരരാഷ്ട്രീയത്തിന്‍റെയും നിഴലില്‍, മനുഷ്യകുലം സ്വയം സൃഷ്ടിച്ച കലണ്ടറില്‍ മറ്റൊരു ക്രിസ്തുവര്‍ഷം കൂടി പിറക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും അതിലേറെ ഭീതിജനകമായ മതഭീകരവാദവും അലങ്കോലപ്പെടുത്തിയ മനസുമായാണു പുതിയ വര്‍ഷത്തെ ലോകം വരവേല്‍ക്കുന്നത്.
ക്രിസ്തുവര്‍ഷത്തിന്‍റെ കണക്കുപുസ്തകത്തില്‍ 2009 വര്‍ഷം. അതിനുമെത്രയോ മുമ്പു തന്നെ നിലനിന്ന സമഭാവനയുടെ സംസ്കാരത്തെ അതിന്‍റെ എല്ലാ അര്‍ഥത്തിലും നെഞ്ചേറ്റിയ ഭാരതപുത്രന്‍റെ ഇടനെഞ്ചിലേക്കു മുംബൈയില്‍ കടല്‍കടന്നെത്തിയ മതഭീകരര്‍ പായിച്ച വെടിയുണ്ടകള്‍ക്കു സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിവ്യമന്ത്രങ്ങള്‍ അന്യമായിരുന്നു. അന്നു പൊലിഞ്ഞ ആത്മാവുകള്‍ക്കു നിത്യശാന്തി നേരാം. ഭീകരരോടേറ്റുമുട്ടി വീരചരമം പ്രാപിച്ച ഭാരതമക്കളുടെ സ്മരണയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കാതെ പുതുവര്‍ഷത്തെ വരവേല്‍ക്കാനാവില്ല. നിരപരാധികളായ മനുഷ്യജീവനെ ഏതോ കാടത്തം നിറഞ്ഞ മനസുകള്‍ സൃഷ്ടിച്ച തെറ്റായ വ്യാഖ്യാനത്തെ ശരിയെന്നു തെറ്റിദ്ധരിച്ചു തല്ലിക്കൊഴിച്ച ദിനങ്ങളാണ് കടന്നു പോയ വര്‍ഷത്തിന്‍റെ അവസാന പാദത്തിലുണ്ടായത്. ഇരുള്‍ മൂടിയ കാലത്തിന്‍റെ മേല്‍ക്കൂരയ്ക്കിടയില്‍ ഇപ്പോഴും വെളിച്ചത്തിനു കടന്നു വരാന്‍ ഇടമുണ്ട്. ആ വെളിച്ചത്തെ ഉള്ളിലേക്ക് ആവാഹിക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍.