Friday, January 23, 2009

ഒരു ലാവ്‌ലിന്‍ കുലംകുത്തി

കാന്‍സര്‍ സെന്‍ററിനു കാശ് കിട്ടിയോ എന്നറിയില്ല. ഭെല്ലിനെ മറികടന്ന് വിദേശത്തെ എസ്എന്‍സി ലാവ്‌ലിന്‍ എന്ന ഭീമനുമായി കരാറുണ്ടാക്കിയതിലൂടെ സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടായെന്ന കണ്ടെത്തലും ഞങ്ങള്‍ക്കു പ്രശ്നമല്ല. തെരഞ്ഞെടുപ്പുകാലത്ത് കേസ് കുത്തിപ്പൊക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതു ശരിയാണോയെന്നതു മാത്രമാണു ചോദ്യം. പിണറായി വിജയനെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുന്ന സിപിഎം സംസ്ഥാന ഘടകത്തിന്‍റെയും പോളിറ്റ് ബ്യൂറോയുടെയും നിലപാടുകളാണു പറഞ്ഞത്. അല്ലാതെ എന്‍റെയല്ല.
തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കളികള്‍ ഏറെ കളിക്കുന്നവരാണു കോണ്‍ഗ്രസുകാരെന്നത് പുതിയ കാര്യമൊന്നുമല്ല. മദ്രസപഠനത്തെ മതേതര രാഷ്ട്രത്തിലെ ഔദ്യോഗിക പഠനമാക്കിയതു തന്നെ ഉദാഹരണം. അതു പോട്ടെ. വിഷയം വേറെയാണ്. ലാവ്‌ലിനെയും അങ്ങനെയാണു കോണ്‍ഗ്രസ് കാണുന്നതെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ബുദ്ധിജീവികളും പുരോഗമന വാദികളുമടക്കം വാക്കു കൊണ്ടും വാളുകൊണ്ടും പോരാടാന്‍ ആളിനു പഞ്ഞമില്ലാത്ത പാര്‍ട്ടിക്ക് എന്തു പറ്റിയെന്നറിയില്ല. പ്രതികരിക്കാനെത്തുന്നവരെല്ലാം ഒരു തരം മന്ദത ബാധിച്ചവരെപ്പോലെ. കണ്ണടച്ചാല്‍ ഇരുട്ടാകുമെന്ന ധാരണയിലാണു പുലമ്പലേറെയും. പിണറായി കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. അല്ലെങ്കില്‍ അതു കോടതിയില്‍ തെളിയിക്കട്ടെ. ഇങ്ങനെയൊരു നിലപാടെടുക്കുന്നതല്ലേ ഇടതുപക്ഷത്തെ ശക്തമായ പാര്‍ട്ടിക്കു നല്ലത്?
അതിനു പകരം കോണ്‍ഗ്രസിനെ മെക്കിട്ടു കേറിയിട്ടു കാര്യമുണ്ടോ? മായാവതിക്കെതിരേ അന്വേഷണം തുടങ്ങിയത് അവര്‍ യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതു കൊണ്ടാണെന്നും, മുലായത്തിനെതിരായ അന്വേഷണം നിര്‍ത്തിയത് അദ്ദേഹം പിന്തുണ നല്‍കിയതുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടിയാണു കോടിയേരിസഖാവ് ഉള്‍പ്പെടെയുള്ളവര്‍ പടയൊരുക്കം നടത്തുന്നത്. ആണവകരാറിനെച്ചൊല്ലി ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനു പ്രതികാരമാണത്രേ പിണറായിക്കെതിരായ അന്വേഷണം. (തെളിവു ഞങ്ങള്‍ക്കു പ്രശ്നമല്ല).അപ്പോള്‍ കുറേക്കാലമായി ലാവ്‌ലിന്‍ കേസ് അട്ടത്തിരുന്നതു പിന്തുണക്കാരെ സംരക്ഷിച്ചതുകൊണ്ടാണോയെന്നു കൂടി വ്യക്തമാക്കേണ്ടിവരും. അതു വരും ദിവസങ്ങളിലറിയാം.
ഈ വാചകക്കസര്‍ത്തുകളില്‍ ഏറെ ഇഷ്ടപ്പെട്ടത് ഇതൊന്നുമല്ല. ഒരു മുന്‍മന്ത്രിയെ പ്രതിയാക്കാന്‍ അനുമതി തേടിയെന്നേ വാര്‍ത്ത വന്നിരുന്നുള്ളൂ. അതു പിണറായിയാണെന്ന് ആരും പറയുകയോ അറിയുകയോ ചെയ്തിരുന്നില്ല. അപ്പോഴാണു കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞത്. അതോടെ സംഗതി നാറി. പിണറായി തന്നെ കക്ഷിയെന്നു നാട്ടില്‍ പാട്ടായി. ലാവ്‌ലിന്‍റെ നാള്‍വഴി വാര്‍ത്താകേരളത്തിലുണ്ട്. അതൊന്നു നോക്കിയാലറിയാം കേസ് തുടങ്ങിയത് യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ച ശേഷമാണോയെന്ന്. ഏതായാലും സഖാക്കള്‍ വിഷമിക്കേണ്ട. ഇതൊന്നും നമ്മെ ബാധിക്കില്ല. ഒഞ്ചിയവും ഷൊര്‍ണൂരും കഴിഞ്ഞ് അമ്പലപ്പുഴയിലും ചില കുലംകുത്തികളിറങ്ങിയിട്ടുണ്ടല്ലോ. മാധ്യമശ്രദ്ധ മാറ്റാന്‍ എന്തെങ്കിലും പൊടിക്കൈ ആലോചിക്കാം. ലാവ്‌ലിന്‍ പൊങ്ങിവരുമ്പോഴൊക്കെ പതിവുള്ളതാണല്ലോ അത്.

3 comments:

കടവന്‍ said...

. ഒഞ്ചിയവും ഷൊര്‍ണൂരും കഴിഞ്ഞ് അമ്പലപ്പുഴയിലും ചില കുലംകുത്തികളിറങ്ങിയിട്ടുണ്ടല്ലോ. മാധ്യമശ്രദ്ധ മാറ്റാന്‍ എന്തെങ്കിലും പൊടിക്കൈ ആലോചിക്കാം. ha hah very good

മുക്കുവന്‍ said...

ഒരു ലൌലി ലാവലിന്‍! പാര്‍ട്ടി ഓരോ ഫയലുമുക്കി വന്നിട്ടേയുള്ളൂ അപ്പോളേക്കും ദേ വേറെ ഒരണ്ണം. എന്തായിതിങ്ങനെ?

കിളിരൂര്‍ പേപ്പേര്‍സ് മുഖ്യന്റെ ഓഫീസില്‍ നിന്ന് ഓടിപ്പോയെന്നോ മറ്റോ പോലെ ഇതിനേയും പറത്തണം!

ബാലചന്ദ്രന്‍ ചീറോത്ത് said...

മുക്കുവന്‍, അപ്പോള്‍ സംഗതി അറിഞ്ഞിട്ടില്ലേ? ഫയല്‍ പണ്ടേ മുക്കി. അതല്ലേ സഖാക്കള്‍ക്കിത്ര ധൈര്യം.