Saturday, January 10, 2009

ജനം ക്യൂ നിന്നു, ലക്ഷാധിപതികളെ കോടീശ്വരരാക്കാന്‍

രണ്ടു ദിവസം രാജ്യം ക്യൂ നില്‍ക്കുകയായിരുന്നു. ലക്ഷാധിപതികളായ ചുരുക്കം ചില പൊതുമേഖലാ ജീവനക്കാരെ കോടീശ്വരന്‍മാരാക്കാന്‍. ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് എണ്ണക്കമ്പനി ജീവനക്കാര്‍ നടത്തിയ സമരവും തുടര്‍ന്നു ട്രക്കുടമകള്‍ നടത്തിയ സമരവും വലച്ചതു സര്‍ക്കാരിനെയല്ല. സാധാരണ ജനങ്ങളെത്തന്നെ.

സമരം മൂന്നു ദിവസംകൊണ്ടു പിന്‍വലിക്കേണ്ടി വന്നതു ജനവികാരം എതിരായെന്ന തിരിച്ചറിവിലാണ്. രണ്ടാം നാള്‍ മുതല്‍ പെട്രോളും ഡീസലും കിട്ടാനില്ലാതെ ആയിരങ്ങള്‍ വലഞ്ഞപ്പോഴാണു സര്‍ക്കാരിനും ശക്തമായി പ്രതികരിക്കാന്‍ ആര്‍ജവമുണ്ടായത്. എന്തിനായിരുന്നു എണ്ണക്കമ്പനി ജീവനക്കാരുടെ സമരം. അന്നന്നത്തെ അന്നത്തിനു വകയില്ലാതെ വലയുന്ന ലക്ഷങ്ങളുള്ള രാജ്യത്ത് നടത്തുന്ന സമരങ്ങള്‍ക്ക്, അത് ആരു നടത്തിയാലും, നീതീകരണമുണ്ടാകണം. ഇവിടെ ഇല്ലാത്തതും അതു തന്നെ. എണ്ണക്കമ്പനികളിലെ ട്രെയിനിക്കു കിട്ടുന്ന ശമ്പളം പ്രതിമാസം 25000 രൂപയാണ്. തസ്തിക വലുതാകുംതോറും ശമ്പളം ലക്ഷവും കടന്ന് മുന്നേറും. 145000 രൂപ വരെ ശമ്പളമുള്ള ജീവനക്കാരാണു സമരത്തിനിറങ്ങിയതെന്നു സര്‍ക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴാണു നീതീകരണമെന്ന വാക്കിന്‍റെ അര്‍ഥത്തെക്കുറിച്ചു സാധാരണക്കാരന്‍ ചിന്തിക്കേണ്ടിവരുന്നത്. ഇവര്‍ക്കെതിരേ നടപടിയെടുത്താല്‍ ജനങ്ങള്‍ കൂടെ നില്‍ക്കുമെന്ന രണ്ടു ദിവസത്തെ പ്രതികരണം സര്‍ക്കാരിനു ബോധ്യമാക്കിയിട്ടുണ്ടാകാം. അതാണു കടുത്ത നിലപാടുകളിലൂടെ സമരത്തെ അടിച്ചമര്‍ത്താന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചത്.

ഇതിനിടെ, സമരത്തിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളുള്ളതായും സൂചനയുണ്ട്. ക്രൂഡോയില്‍ വിലവര്‍ധനയെത്തുടര്‍ന്ന് അടച്ചിട്ട സ്വകാര്യ എണ്ണക്കമ്പനികള്‍ക്കു ലാഭം കൊയ്യാന്‍ ആഗോള വിലനിലവാരം താഴ്ന്ന സാഹചര്യം അവസരമൊരുക്കുന്നുണ്ട്. ഇതിനു യോജിച്ച കളമൊരുക്കുകയായിരുന്നു സമരക്കാരെന്ന സംശയം തീര്‍ത്തും തള്ളിക്കളയാവുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താകേരളം ഡോട്ട്കോമില്‍.

1 comment:

നരിക്കുന്നൻ said...

കാലിക പ്രസക്തമായ ചിന്ത.
ഇങ്ങകലെ ഗൾഫിലിരുന്ന് ടി.വിയിലൂടെ മണിക്കൂറുകളോളം പെട്രോൾ പമ്പിന് മുന്നിൽ കാത്ത് കെട്ടിക്കിടക്കുന്ന നമ്മുടെ പാവം വോട്ടർമാരെ കുറിച്ച് വിഷമം തോന്നി.

അല്ലാതെന്ത് തോന്നാൻ.
ലജ്ജിച്ച് തലതാഴ്താനല്ലാതെ...