Friday, May 30, 2008

ഇനിയും കുറച്ച് അപ്രിയം

അപ്രിയ സത്യങ്ങള്‍ മൂടി വയ്ക്കപ്പെടേണ്ടതു തന്നെ. എങ്കിലും അതെല്ലാം വിളിച്ചു കൂവാന്‍ ആരെങ്കിലും വേണ്ടേ?ഞാന്‍ ഒരു സാഹിത്യകാരനോ അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുന്നവനോ ബുദ്ധിജീവിയോ അല്ല.സാധാരണക്കാരനായ ഒരാള്‍ മാത്രം. പക്ഷേ, ഒരുപാട്ബുദ്ധിജീവി ജാഡകളെ കണ്ടിട്ടുണ്ട്‌. പത്രപ്രവര്‍ത്തനം തുടങ്ങിയിട്ടു പതിനഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ. അവാര്‍ഡു വാങ്ങിയിട്ടില്ല. അതിനു തക്കവണ്ണം കയ്യില്‍ തുട്ടും ഇല്ല. നക്കാപ്പിച്ച ശമ്പളം ആണല്ലോ ഏറെക്കാലവും കിട്ടിയിട്ടുള്ളത്‌. അടുത്തിടെയായി താരതമ്യേന വലിയ കുഴപ്പം ഇല്ല.പറഞ്ഞു വരുന്നതു മറ്റൊന്നാണു. അടുത്തിടെയായി പത്രപ്രവര്‍ത്തനം ഹരമാക്കി ഇറങ്ങുന്ന പുത്തന്‍ തലമുറക്കാരുടെ എണ്ണം കൂടിയിട്ടില്ലേ എന്നൊരു തോന്നല്‍. അത്‌ വെറും തോന്നല്‍ അല്ലതാനും. വന്‍ തുക മുടക്കി ഈ കുന്തം സ്വായത്തം ആക്കാന്‍ എന്താണു പ്രേരകം എന്നു നിരീക്ഷിക്കുമ്പോഴാണു ചില അപ്രിയ സത്യങ്ങള്‍ പുറതു ചാടുന്നത്‌.സിനിമയിലെ പത്ര പ്രവര്‍ത്തകന്‍ അല്ലെങ്കില്‍ പത്ര പ്രവര്‍ത്തക, മുഖ്യമന്ത്രിയുടെ വരെ കുത്തിനു പിടിക്കുന്ന കാഴ്ചകള്‍. പിന്നെ ലാപ്റ്റോപ്പും തൂക്കി എസി മുറിയിലേക്ക്‌. പഞ്ച്‌ നക്ഷത്ര സൗകര്യങ്ങള്‍. മദിപ്പിക്കുന്ന രംഗങ്ങള്‍.ഇതൊക്കെ കണ്ട്‌ പത്രപ്രവര്‍ത്തന ക്ലാസ്സ്‌ നടത്തിപ്പുകാര്‍ക്കു വന്‍ തുക നല്‍കി വാങ്ങുന്ന സര്‍ട്ടിഫിക്കറ്റുമായി ജോലി തേടി ഇറങ്ങുമ്പോഴല്ലേ പൊള്ളത്തരം പിടി കിട്ടുക.എന്താണു പത്രം ഓഫീസില്‍ അവര്‍ക്കു കിട്ടുന്ന പണി എന്നറിയമോ? ചരമ കോളം തിരുത്തി എഴുതുക, ഇന്നത്തെ പരിപാടി സ്റ്റൈല്‍ അനുസരിച്ചു തയ്യാറാക്കുക... ഗംഭീര ലേഖനങ്ങളിലൂടെ സമൂഹ മനസാക്ഷി തൊട്ടുണര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍. എതിയതോ?കുറെയേറെ ഈഗോയും അതിലേറെ ജാഡകളും കൈമുതലാക്കി അടയിരിക്കുന്ന ഞാന്‍ അടക്കമുള്ള വിവര ദോഷികളുടെ ഗീര്‍വാണം കേള്‍ക്കണം. പിന്നെ, ആവശ്യത്തില്‍ ഏറെ ടെന്‍ഷനും.ശമ്പളത്തെക്കുറിച്ചു കൂടുതല്‍ പറയാനില്ല. നക്കാപ്പിച്ച ശമ്പളം ആണു മലയാള പത്രങ്ങള്‍ കൊടുക്കുന്നതെന്നതു രഹസ്യം അല്ല. 10000 രൂപയ്ക്കു മേല്‍ മാസപ്പടി വാങ്ങുന്ന എത്ര പത്രക്കാരുണ്ടു കേരളത്തില്‍? തുടക്ക ശമ്പളം 2000 മുതല്‍ ആണെന്ന കാര്യം രഹസ്യം ആക്കി വച്ചിട്ടു കാര്യം വല്ലതും ഉണ്ടോ?ഏതായാലും ഇറങ്ങിപ്പുറപ്പെട്ടു. വീട്ടുകാരും നാട്ടുകാരും അണിയറ കാണുന്നില്ലല്ലോ. പിന്നെ, ചെയ്യാവുന്നതു പുറം പൂച്ചു കാണിക്കുക മാത്രം. അതിനു ചില്ലറ സാഹിത്യകാരന്മാരുടെ കുറിപ്പുകളില്‍ നിന്നും വിദേശ എഴുത്തുകാരുടെ അറിയപ്പെടുന്ന വരികളില്‍ നിന്നും കടമെടുത്തു സ്വന്തം പേനയിലൂടെ എഴുതാം.അങ്ങനെ ചെയ്യുന്ന ചിലര്‍ ചില ഗള്‍ഫ്‌ രാജ്യങ്ങളിലും ചേക്കേറിയിട്ടുണ്ട്‌. അവിടെ മറ്റ്‌ ജോലി ചെയ്യുന്നതിനിടെ അല്ലറ ചില്ലറ പത്രപ്രവര്‍ത്തനം. അവിടെ റിപ്പോര്‍ട്ടെര്‍മാര്‍ ഇല്ലാത്ത പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ദിവസക്കൂലിക്കു വാര്‍ത്ത എത്തിക്കും. പറഞ്ഞു നടക്കുന്നതോ, പത്രപ്രവര്‍ത്തകന്‍.ഇപ്പോള്‍ ഞാന്‍ പറഞ്ഞത്‌ അത്രയും അപ്രിയ സത്യങ്ങള്‍ ആണെന്നറിയാം. ഇതിന്റെ പേരില്‍ എന്നെ ക്രൂശിക്കാന്‍ ഇറങ്ങുന്നവര്‍ക്കു സ്വാഗതം. ഭാഷയെക്കുറിച്ചും ശൈലിയെക്കുറിച്ചും അവര്‍ക്കുള്ളത്ര ജ്ഞാനം എനിക്കുണ്ടാവാന്‍ തരമില്ല. ക്ഷമിക്കുക.

3 comments:

ഫസല്‍ ബിനാലി.. said...

ക്ഷമിച്ചിരിക്കുന്നു. അപ്രിയത്തിലുമുണ്ടല്ലോ പ്രിയം...
തുടരുക, ആശംസകളോടെ

Shabeeribm said...

പത്രപ്രവര്‍ത്തനത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു..ഇനിയും ഇതുപോലെയുള്ള അപ്രിയ സത്യങ്ങള്‍ തുറനെഴുതുക ....

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഇന്നു മാത്രമല്ല, അന്നും കാക്ക പിടിത്തവും , കാലു തിരുമ്മലും ചേര്‍ന്നതാണല്ലോ ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗം . എല്ലാം തുറന്നു പറഞ്ഞതിനു നന്ദി...