Thursday, May 29, 2008

മഴ പെയ്യുമ്പോള്‍...(കാലവര്‍ഷം എത്ര സെന്റിമീറ്റര്‍?)

കാലവര്‍ഷം എത്തി. വരണ്ട മണ്ണിലും മനസിലും കുളിര് നിറച്ച മഴ...
ആഴ്ച്ചകളായി കാത്തിരുന്നു കിട്ടിയ മഴയുടെ ആഹ്ലാദം...
കണ്ണില്‍ കുത്തുന്ന വേദനയുമായി കടന്നു പോയ വാരം. പിന്നെ, മങ്ങുന്ന കാഴ്ചയുടെ പീലികള്‍ക്കിടയിലൂടെ പെയ്തിറങ്ങുന്ന മഴയുടെ തണുപ്പ്. സ്വന്തം കഥകളും കാര്യങ്ങളും എഴുതി നിറച്ചു വായിക്കുന്നവരുടെ ശാപം ഏറ്റുവാങ്ങാന്‍ ഉദ്ദേശ്യം ഇല്ല.
ഇക്കുറി കാലവര്‍ഷം കേരളത്തില്‍ എത്തുന്നത്‌ വെള്ളിയാഴ്ച ആയിരിക്കും എന്ന് കേന്ദ്ര കാലാവസ്ഥക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് അറിഞ്ഞാവണം കാലവര്‍ഷം രണ്ടു ദിവസം മുന്നേ എത്തിയത്.
പനി പിടിച്ചു പണിക്കു പോകാന്‍ വയ്യാതെ ഇരിക്കുന്നവര്‍ക്കു പക്ഷെ മഴ അത്ര നല്ല കാര്യം ആയി തോന്നാന്‍ ഇടയില്ല.
*************************************************************************************

മഴ...
സന്ധ്യക്കു പെയ്ത മഴയില്‍ ഇടവഴി ആകെ വെള്ളം കെട്ടിക്കിടക്കുന്നു. പഴയ ഒരു കടലാസു തോണി അതില്‍ തെന്നി നീങ്ങുന്നുണ്ടോ? എവിടെയോ ആര്‍പ്പുവിളിയുടെ അല. തവളകളുടെ കരച്ചില്‍. ഓലത്തുഞ്ചത്തു നിന്നു പൊട്ടി വീഴുന്ന തുള്ളികളുടെ കൊഞ്ചല്‍. ഇരുട്ടില്‍ പേടിപ്പെടുത്തുന്ന എന്തൊക്കെയൊ ശബ്ദങ്ങള്‍.
മഴ...
************************************************************************************
അടര്‍ക്കളത്തില്‍ ശാന്തത. യുദ്ധ പര്‍വം അടങ്ങാറാവുന്നു. പിതാമഹന്‍ ശരശയ്യയിലാണു കിടപ്പ്‌. അരികില്‍ ഒരു കാല്‍മുട്ടു നിലത്തു കുത്തി ചേര്‍ന്നു നില്‍പ്പുണ്ടു വിജയന്‍. അകലെയല്ലാതെ പിന്നിലേക്കു മാറി നില്‍പ്പുണ്ടു ഭഗവാന്‍. ചുണ്ടില്‍ ഗൂഡമായ ചെറു ചിരി. പിന്നില്‍ ശാന്തമായിക്കിടക്കുന്ന അടര്‍ക്കളം. പേടിപ്പെടുത്തുന്ന നിശ്ശബ്ദത. ശിരസ്സറ്റ കബന്ധങ്ങള്‍. ഉണങ്ങിത്തുടങ്ങുന്ന ചോരപ്പാടുകല്‍.ഇരുട്ടു പരക്കുകയാണു ചുറ്റിനും.അപ്പോള്‍...മഴ...ചോരപ്പാടുകള്‍ ചുവന്ന നീര്‍ച്ചാലുകള്‍ ആകുന്നു. അറ്റു വീണ ശിരസുകളുടെ പാതി തുറന്ന കണ്ണുകളില്‍ക്കൂടി... സര്‍വം ശുദ്ധീകരിച്ച്‌...
*************************************************************************************
മഴ ശമിക്കുന്നു. നാളെ എന്ത്‌ എന്ന ചോദ്യം ചോദിക്കാന്‍ മനസില്ലാത്തവന്റെ കരുത്തുറ്റ മനസുമായി രാത്രി കയറി വരുന്നു. പെയ്തൊഴിയാത്ത മഴയെ കൊതിച്ച്‌, സ്വപ്നം കണ്ട്‌...

2 comments:

ശ്രീ said...

മഴ എത്ര ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയാലും പെയ്തൊഴിയാത്ത മഴയെ കൊതിച്ച്, മഴക്കാലത്തെ സ്വപ്നം കണ്ട് ഞാനും...
:)

420 said...

ബാലചന്ദ്രാ,
ഞാന്‍
കുട വാങ്ങൂലാാ..