Sunday, July 5, 2009

സഖാവിനെ തുരത്താന്‍ ഒബാമ

വല്ലാതെ മെലിഞ്ഞുപോയ ഡയബറ്റിസ് പേഷ്യന്‍റിന്‍റെ അവസ്ഥയിലാണിപ്പോള്‍ നമ്മുടെ സിപിഎം. ഇതു പറയുന്നതുകൊണ്ട് എന്നെ പാര്‍ട്ടി വിരുദ്ധനാക്കരുത്. ചാനല്‍ ചര്‍ച്ചകളില്‍ ആരും വിളിച്ചിട്ടില്ലാത്തതുകൊണ്ട് പരസ്യമായി എന്‍റെ അഭിപ്രായങ്ങള്‍ ആരും കേട്ടിട്ടില്ലെന്നേയുള്ളൂ. ആളു മിടുക്കനാ.
പറഞ്ഞുവന്നത്, നമ്മുടെ പാര്‍ട്ടി ഇങ്ങനെ മെലിയുന്നതിന്‍റെ കാരണം കണ്ടുപിടിക്കേണ്ടേ? രണ്ടു കൊല്ലം കൂടി ഉന്തിത്തള്ളി വിട്ടാല്‍പ്പിന്നെ ചിന്തിക്കാന്‍ അഞ്ചു വര്‍ഷം കിട്ടുമെന്നതൊക്കെ ശരിതന്നെ. പക്ഷേ, അക്കാലത്തു കഞ്ഞി കുടിച്ച്, സോറി, ചിക്കനും മട്ടനും ഫ്രൈഡ് റൈസും കഴിച്ച്, കഴിയാന്‍ എന്തെങ്കിലും തരപ്പെടുത്തേണ്ട സമയത്ത് എന്തിനാ ഇങ്ങനെ തര്‍ക്കിച്ചു സമയം കളയുന്നത്.
കാരാട്ട് സഖാവ് പറഞ്ഞതാ ശരി. പിണറായി സഖാവ് മാറേണ്ട കാര്യമേയില്ല. കാരാട്ട് സഖാവിനു കാര്യവിവരമുണ്ട്. പത്തു പുത്തനുണ്ടാക്കാന്‍ പിണറായി സഖാവല്ലാതെ വേറാരുണ്ട് പാര്‍ട്ടിയില്‍.
മൂന്നു കൊല്ലം മുമ്പ് നിയമസഭയിലേക്കു മത്സരിക്കാന്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ മാത്രം തുടങ്ങിയ അച്ചുമാമന്‍റെ പത്രക്കാരോടുള്ള ചിരികളി അത്ര ആത്മാര്‍ഥമാണെന്നൊന്നും ആരും കരുതേണ്ട. അതിനു മുമ്പ് എന്തായിരുന്നു കഥ. ബലംപിടിച്ചുള്ള നടത്തവും ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ചീറിക്കൊണ്ടു ചെല്ലലുമൊക്കെയായിരുന്നില്ലേ അമ്മാവന്‍റെ രീതി. അതു മാറിയെന്ന് ആരാ പറഞ്ഞത്.
തത്കാലം മാധ്യമസിന്‍ഡിക്കേറ്റിനെ ആവശ്യമുള്ളതുകൊണ്ടു ചിരിച്ചു കാണിക്കുന്നതല്ലേ.
ഇതെല്ലാം സഖാവ് കാരാട്ടിനറിയാം. സ്വന്തം വൃന്ദ പോലും എതിര്‍ത്തിട്ടും കാരാട്ട് സഖാവ് പിണറായി സഖാവിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതില്‍ കാര്യമില്ലെന്നാണോ കരുതുന്നത്.
ജയരാജ ത്രയ സഖാക്കളും പിണറായി സഖാവും കൂടി‍ എത്ര കഷ്ടപ്പെട്ടാ പാര്‍ട്ടിയെ വളര്‍ത്തുന്നത്. അതു മറക്കരുത്. മൂടു മറന്നു പൊങ്ങിയാല്‍ നിലത്താകും സ്ഥാനം. സാന്‍റിയാഗോ മാര്‍ട്ടിന്‍റെയും ഫാരിസ് അബൂബക്കറിന്‍റെയും കൈയില്‍ നിന്നു കാശ് വാങ്ങിയെന്നതാണ് അവര്‍ ചെയ്ത അപരാധം. അത് അത്രവലിയ തെറ്റാണോ. ആരെങ്കിലും സമ്പത്ത് കുന്നൂകൂട്ടിയിട്ടുണ്ടെങ്കില്‍ അതു പിടിച്ചെടുത്ത് പാവങ്ങള്‍ക്കു കൊടുക്കുകയെന്നതല്ലേ കമ്യൂണിസത്തിന്‍റെ അടിസ്ഥാനം. അതല്ലേ നമ്മുടെ സഖാക്കളും ചെയ്തുള്ളൂ. പാവപ്പെട്ട ദേശാഭിമാനി സഖാക്കളെ ഊട്ടാനാണു പലതു ചെയ്തതെന്നതല്ലേ വസ്തുത. അല്ലെങ്കില്‍ത്തന്നെ പിച്ചച്ചട്ടിയിലൊന്നുമല്ലല്ലോ കൈയിട്ടുവാരിയത്. ഇതൊക്കെയായിട്ടും കുറ്റപ്പെടുത്തല്‍ സഹിക്കാനാവാതെ വാങ്ങിയതു തിരിച്ചു കൊടുത്തെന്നു പറഞ്ഞില്ലേ. പറച്ചില്‍ മാത്രമേ ഉണ്ടായുള്ളൂവെന്നു ചില പിന്തിരിപ്പന്‍മാര്‍ പറയുന്നതു മുഖവിലയ്ക്കെടുക്കേണ്ട.
പരിപ്പുവടയും ചായയും ദിനേശ് ബീഡിയും കക്ഷത്തിലൊരു ഡയറിയുമായി പാര്‍ട്ടി വളര്‍ത്താനാവില്ലല്ലോ. അതു തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചതാണോ തെറ്റ്.
ഇപ്പോള്‍ പിണറായി സഖാവ് ചെയ്തതും എന്താ? ബഹുരാഷ്ട്ര കുത്തകയായ ലാവ്ലിനെ കുളം തോണ്ടിക്കാന്‍ ശ്രമിക്കുകയല്ലായിരുന്നോ. ഇതെല്ലാം ഇവിടത്തെ ജനങ്ങള്‍ക്കറിയാം. പിന്നെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ തോറ്റെന്നതും പകല്‍ പോലെ വ്യക്തമല്ലേ. വോട്ടു ചെയ്തത് ആരാ? സാക്ഷാല്‍ സാമ്രാജ്യത്വത്തിന്‍റെ തലവന്‍മാരായ അമേരിക്കയല്ലേ. ഞങ്ങളുടെ നാട്ടിലൊക്കെ തെരഞ്ഞെടുപ്പിനു തലേന്നു രാത്രി ഒബാമ നേരിട്ടാ വീടുകയറാന്‍ വന്നത്. പലര്‍ക്കും പലതും കൊടുത്തു. പിന്നെ വോട്ടിംഗ് മെഷീനൊക്കെ കണ്ടു പിടിച്ചത് വിദേശികളല്ലേ. അതിനകത്ത് സിഐഎ എന്തോ ചില കുന്ത്രാണ്ടം ഒപ്പിച്ചിരുന്നു. അതു സംശയമില്ലാത്ത കാര്യമാ. പണ്ടു സദ്ദാം ഹുസൈനെ തൂക്കിക്കൊന്നപ്പം പിണറായി സഖാവ് രൂക്ഷമായി പ്രതികരിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. അന്നു ഹര്‍ത്താല്‍ നടത്തി ബുഷിനെ ഞെട്ടിച്ച സഖാവിനെ തകര്‍ക്കാന്‍ അമേരിക്ക എന്തെല്ലാം കളികളാ കളിക്കുന്നത്. സഖാവിനെ എങ്ങനെങ്കിലും ഒതുക്കാതെ തങ്ങള്‍ക്കു നിലനില്‍പ്പില്ലെന്ന് അമേരിക്കയ്ക്കറിയാം. ഇക്കാര്യം നേരിട്ടു മനസിലാക്കിയിട്ടാണു ജയരാജന്‍ ത്രയം പിണറായി സഖാവിനെ സംരക്ഷിക്കാന്‍ കച്ചമുറുക്കുന്നത്. ഇതെല്ലാം അറിയാവുന്ന ഒരു പുലിയായ മാധ്യമപ്രവര്‍ത്തകനുമുണ്ട്. അദ്ദേഹം ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് സഖാക്കളെ അറിയിക്കേണ്ട പല കാര്യങ്ങളും ഒബാമ അദ്ദേഹത്തിലൂടെയാണ് അറിയിക്കുന്നത്.
ഇതൊന്നും മനസിലാക്കാതെ പാര്‍ട്ടിയെ ക്ഷീണിപ്പിച്ചതുകൊണ്ട് ആര്‍ക്കാണു നേട്ടം.
അങ്ങനെയങ്ങനെ പറഞ്ഞാലൊടുങ്ങാത്ത കാര്യങ്ങള്‍ അണിയറയിലുണ്ട്. അതാണു കാരാട്ട് സഖാവ് പറയുന്നത്, പിണറായി സഖാവിനെ മാറ്റില്ലെന്ന്. ഇപ്പോള്‍ ഏകദേശം കാര്യങ്ങളുടെ പോക്ക് മനസിലായിക്കാണുമല്ലോ. ഇല്ലെങ്കില്‍, കൂടുതലൊന്നും പറയാനില്ല. ഇന്‍റര്‍നെറ്റും സാമ്രാജ്യത്വത്തിന്‍റെ കൈയിലല്ലേ. കൂടുതലെഴുതിയാല്‍ ഈ ബ്ലോഗും ഒബാമ ബ്ലോക്ക് ചെയ്തേക്കും.