Sunday, July 5, 2009

സഖാവിനെ തുരത്താന്‍ ഒബാമ

വല്ലാതെ മെലിഞ്ഞുപോയ ഡയബറ്റിസ് പേഷ്യന്‍റിന്‍റെ അവസ്ഥയിലാണിപ്പോള്‍ നമ്മുടെ സിപിഎം. ഇതു പറയുന്നതുകൊണ്ട് എന്നെ പാര്‍ട്ടി വിരുദ്ധനാക്കരുത്. ചാനല്‍ ചര്‍ച്ചകളില്‍ ആരും വിളിച്ചിട്ടില്ലാത്തതുകൊണ്ട് പരസ്യമായി എന്‍റെ അഭിപ്രായങ്ങള്‍ ആരും കേട്ടിട്ടില്ലെന്നേയുള്ളൂ. ആളു മിടുക്കനാ.
പറഞ്ഞുവന്നത്, നമ്മുടെ പാര്‍ട്ടി ഇങ്ങനെ മെലിയുന്നതിന്‍റെ കാരണം കണ്ടുപിടിക്കേണ്ടേ? രണ്ടു കൊല്ലം കൂടി ഉന്തിത്തള്ളി വിട്ടാല്‍പ്പിന്നെ ചിന്തിക്കാന്‍ അഞ്ചു വര്‍ഷം കിട്ടുമെന്നതൊക്കെ ശരിതന്നെ. പക്ഷേ, അക്കാലത്തു കഞ്ഞി കുടിച്ച്, സോറി, ചിക്കനും മട്ടനും ഫ്രൈഡ് റൈസും കഴിച്ച്, കഴിയാന്‍ എന്തെങ്കിലും തരപ്പെടുത്തേണ്ട സമയത്ത് എന്തിനാ ഇങ്ങനെ തര്‍ക്കിച്ചു സമയം കളയുന്നത്.
കാരാട്ട് സഖാവ് പറഞ്ഞതാ ശരി. പിണറായി സഖാവ് മാറേണ്ട കാര്യമേയില്ല. കാരാട്ട് സഖാവിനു കാര്യവിവരമുണ്ട്. പത്തു പുത്തനുണ്ടാക്കാന്‍ പിണറായി സഖാവല്ലാതെ വേറാരുണ്ട് പാര്‍ട്ടിയില്‍.
മൂന്നു കൊല്ലം മുമ്പ് നിയമസഭയിലേക്കു മത്സരിക്കാന്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ മാത്രം തുടങ്ങിയ അച്ചുമാമന്‍റെ പത്രക്കാരോടുള്ള ചിരികളി അത്ര ആത്മാര്‍ഥമാണെന്നൊന്നും ആരും കരുതേണ്ട. അതിനു മുമ്പ് എന്തായിരുന്നു കഥ. ബലംപിടിച്ചുള്ള നടത്തവും ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ചീറിക്കൊണ്ടു ചെല്ലലുമൊക്കെയായിരുന്നില്ലേ അമ്മാവന്‍റെ രീതി. അതു മാറിയെന്ന് ആരാ പറഞ്ഞത്.
തത്കാലം മാധ്യമസിന്‍ഡിക്കേറ്റിനെ ആവശ്യമുള്ളതുകൊണ്ടു ചിരിച്ചു കാണിക്കുന്നതല്ലേ.
ഇതെല്ലാം സഖാവ് കാരാട്ടിനറിയാം. സ്വന്തം വൃന്ദ പോലും എതിര്‍ത്തിട്ടും കാരാട്ട് സഖാവ് പിണറായി സഖാവിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതില്‍ കാര്യമില്ലെന്നാണോ കരുതുന്നത്.
ജയരാജ ത്രയ സഖാക്കളും പിണറായി സഖാവും കൂടി‍ എത്ര കഷ്ടപ്പെട്ടാ പാര്‍ട്ടിയെ വളര്‍ത്തുന്നത്. അതു മറക്കരുത്. മൂടു മറന്നു പൊങ്ങിയാല്‍ നിലത്താകും സ്ഥാനം. സാന്‍റിയാഗോ മാര്‍ട്ടിന്‍റെയും ഫാരിസ് അബൂബക്കറിന്‍റെയും കൈയില്‍ നിന്നു കാശ് വാങ്ങിയെന്നതാണ് അവര്‍ ചെയ്ത അപരാധം. അത് അത്രവലിയ തെറ്റാണോ. ആരെങ്കിലും സമ്പത്ത് കുന്നൂകൂട്ടിയിട്ടുണ്ടെങ്കില്‍ അതു പിടിച്ചെടുത്ത് പാവങ്ങള്‍ക്കു കൊടുക്കുകയെന്നതല്ലേ കമ്യൂണിസത്തിന്‍റെ അടിസ്ഥാനം. അതല്ലേ നമ്മുടെ സഖാക്കളും ചെയ്തുള്ളൂ. പാവപ്പെട്ട ദേശാഭിമാനി സഖാക്കളെ ഊട്ടാനാണു പലതു ചെയ്തതെന്നതല്ലേ വസ്തുത. അല്ലെങ്കില്‍ത്തന്നെ പിച്ചച്ചട്ടിയിലൊന്നുമല്ലല്ലോ കൈയിട്ടുവാരിയത്. ഇതൊക്കെയായിട്ടും കുറ്റപ്പെടുത്തല്‍ സഹിക്കാനാവാതെ വാങ്ങിയതു തിരിച്ചു കൊടുത്തെന്നു പറഞ്ഞില്ലേ. പറച്ചില്‍ മാത്രമേ ഉണ്ടായുള്ളൂവെന്നു ചില പിന്തിരിപ്പന്‍മാര്‍ പറയുന്നതു മുഖവിലയ്ക്കെടുക്കേണ്ട.
പരിപ്പുവടയും ചായയും ദിനേശ് ബീഡിയും കക്ഷത്തിലൊരു ഡയറിയുമായി പാര്‍ട്ടി വളര്‍ത്താനാവില്ലല്ലോ. അതു തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചതാണോ തെറ്റ്.
ഇപ്പോള്‍ പിണറായി സഖാവ് ചെയ്തതും എന്താ? ബഹുരാഷ്ട്ര കുത്തകയായ ലാവ്ലിനെ കുളം തോണ്ടിക്കാന്‍ ശ്രമിക്കുകയല്ലായിരുന്നോ. ഇതെല്ലാം ഇവിടത്തെ ജനങ്ങള്‍ക്കറിയാം. പിന്നെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ തോറ്റെന്നതും പകല്‍ പോലെ വ്യക്തമല്ലേ. വോട്ടു ചെയ്തത് ആരാ? സാക്ഷാല്‍ സാമ്രാജ്യത്വത്തിന്‍റെ തലവന്‍മാരായ അമേരിക്കയല്ലേ. ഞങ്ങളുടെ നാട്ടിലൊക്കെ തെരഞ്ഞെടുപ്പിനു തലേന്നു രാത്രി ഒബാമ നേരിട്ടാ വീടുകയറാന്‍ വന്നത്. പലര്‍ക്കും പലതും കൊടുത്തു. പിന്നെ വോട്ടിംഗ് മെഷീനൊക്കെ കണ്ടു പിടിച്ചത് വിദേശികളല്ലേ. അതിനകത്ത് സിഐഎ എന്തോ ചില കുന്ത്രാണ്ടം ഒപ്പിച്ചിരുന്നു. അതു സംശയമില്ലാത്ത കാര്യമാ. പണ്ടു സദ്ദാം ഹുസൈനെ തൂക്കിക്കൊന്നപ്പം പിണറായി സഖാവ് രൂക്ഷമായി പ്രതികരിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. അന്നു ഹര്‍ത്താല്‍ നടത്തി ബുഷിനെ ഞെട്ടിച്ച സഖാവിനെ തകര്‍ക്കാന്‍ അമേരിക്ക എന്തെല്ലാം കളികളാ കളിക്കുന്നത്. സഖാവിനെ എങ്ങനെങ്കിലും ഒതുക്കാതെ തങ്ങള്‍ക്കു നിലനില്‍പ്പില്ലെന്ന് അമേരിക്കയ്ക്കറിയാം. ഇക്കാര്യം നേരിട്ടു മനസിലാക്കിയിട്ടാണു ജയരാജന്‍ ത്രയം പിണറായി സഖാവിനെ സംരക്ഷിക്കാന്‍ കച്ചമുറുക്കുന്നത്. ഇതെല്ലാം അറിയാവുന്ന ഒരു പുലിയായ മാധ്യമപ്രവര്‍ത്തകനുമുണ്ട്. അദ്ദേഹം ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് സഖാക്കളെ അറിയിക്കേണ്ട പല കാര്യങ്ങളും ഒബാമ അദ്ദേഹത്തിലൂടെയാണ് അറിയിക്കുന്നത്.
ഇതൊന്നും മനസിലാക്കാതെ പാര്‍ട്ടിയെ ക്ഷീണിപ്പിച്ചതുകൊണ്ട് ആര്‍ക്കാണു നേട്ടം.
അങ്ങനെയങ്ങനെ പറഞ്ഞാലൊടുങ്ങാത്ത കാര്യങ്ങള്‍ അണിയറയിലുണ്ട്. അതാണു കാരാട്ട് സഖാവ് പറയുന്നത്, പിണറായി സഖാവിനെ മാറ്റില്ലെന്ന്. ഇപ്പോള്‍ ഏകദേശം കാര്യങ്ങളുടെ പോക്ക് മനസിലായിക്കാണുമല്ലോ. ഇല്ലെങ്കില്‍, കൂടുതലൊന്നും പറയാനില്ല. ഇന്‍റര്‍നെറ്റും സാമ്രാജ്യത്വത്തിന്‍റെ കൈയിലല്ലേ. കൂടുതലെഴുതിയാല്‍ ഈ ബ്ലോഗും ഒബാമ ബ്ലോക്ക് ചെയ്തേക്കും.

Sunday, March 8, 2009

അതുമിതും പറയാം, അല്ലാതെന്തു ചെയ്യാന്‍

എന്തൊക്കെയായിരുന്നു അബ്ദുള്ളക്കുട്ടിയെക്കുറിച്ചു പറഞ്ഞിരുന്നത്? എല്ലാം കഴിഞ്ഞു. ഇനി അതെല്ലാം പഴങ്കഥ. വിരുദ്ധനെ പുറത്താക്കി. (കടപ്പാട്: വാര്‍ത്താകേരളം.കോം)പാര്‍ട്ടിക്ക് ആശ്വസിക്കാം. അഥവാ പാര്‍ട്ടി നേതാക്കള്‍ക്ക് സമാധാനത്തോടെ മുസ്‌ലിം പ്രേമം വിളിച്ചു പറയാം. നരാധമനായ മോഡിയെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചാല്‍, അതു മുസ്‌ലിമായാല്‍പ്പോലും, വച്ചു പൊറുപ്പിക്കില്ലെന്ന് ഉറക്കെ പറയാം. അതാണു വേണ്ടതും. സിപിഎമ്മില്‍ എത്ര മുസ്‌ലിങ്ങളുണ്ട് നേതാക്കളായിട്ട് എന്ന ചോദ്യം പ്രസക്തമല്ല. ടി.കെ.ഹംസയും പാലോളി മുഹമ്മദ്കുട്ടിയുമുണ്ടല്ലോ. അതുകൊണ്ടു വലിയ പ്രശ്നമില്ലാതെ കാര്യം നടത്താം. മൊല്ലാക്കമാര്‍ക്കും മുക്രിമാര്‍ക്കും വേണ്ടി വാരിക്കോരി ചെലവാക്കുന്ന സര്‍ക്കാരിനെ പാണക്കാട് തങ്ങള്‍ വിചാരിച്ചാല്‍ തകര്‍ക്കാനാവില്ലെന്നു തെളിയിക്കാന്‍ ഇവര്‍ തന്നെ ധാരാളം. രഹസ്യമായി അന്തിക്കൂട്ടിനു പിഡിപിയുമുണ്ട്. അവരെ ചുമക്കാനുള്ള യോഗം സിപിഐക്കായതിനാല്‍ നാറില്ല. പണ്ടൊരു മുതലാളി വേലക്കാരിപ്പെണ്ണിനു ഗര്‍ഭം സമ്മാനിച്ച ശേഷം അതിന്‍റെ ഉത്തരവാദിത്തം ഡ്രൈവറെ ഏല്പിച്ച കാര്യം കേട്ടിട്ടില്ലേ. ഡ്രൈവര്‍ക്കാകട്ടെ മെനക്കെടാതെ ഒരു സന്തതിയെയും കൈ നിറയെ കാശും കിട്ടി. മുതലാളി ഉപയോഗിച്ചു പഴകിയതാണെങ്കിലും പെണ്ണിനെയും. ഇതേപോലെ സിപിഐക്കു കിട്ടിയ പെണ്ണാണല്ലോ പിഡിപി. ആ കണക്കില്‍ ഒരു എംപി സ്ഥാനവും ഉറപ്പിക്കാം. ഇങ്ങനെ ഓരോരോ മനോരാജ്യം കണ്ടു കഴിയുമ്പോഴാണു ശകുനം മുടക്കിയായിട്ട് അബ്ദുള്ളക്കുട്ടി ചിരിച്ചുകാണിച്ചു നില്‍ക്കുന്നത്. മുസ്‌ലിങ്ങളുടെ വോട്ടു കിട്ടാന്‍ മതനിരപേക്ഷത പറഞ്ഞാല്‍ നടക്കില്ലെന്നും അതിന് തനി മലപ്പുറംകാരാവണമെന്നും പിണറായിസഖാവിനും കൂട്ടര്‍ക്കും അറിയാം. ഹിന്ദുക്കളെ പത്തു ചീത്ത വിളിച്ചാല്‍ മതി. മുസ്‌ലിം വോട്ടു പോക്കറ്റിലാകും. കൂടെ പുരോഗമനവാദികളായ ഹിന്ദുക്കളുടെയും. ഹിന്ദുവാണെന്നു തുറന്നു പറയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ഫാസിസ്റ്റെന്നു വിളിച്ചാല്‍ മതി. മുസ്‌ലിം ആണെങ്കില്‍ കാശ്മീരില്‍ വെടികൊള്ളാന്‍ പോയാലും തരക്കേടില്ല. അവരെ സംരക്ഷിക്കണം. അതിനു കുഴപ്പമില്ല. ഇതാണു പൊതുവേ തുടര്‍ന്നു പോന്ന വിജയമന്ത്രം. അതിനിടയിലാണ് ഒരുത്തന്‍ നരേന്ദ്രമോഡിയെ പിന്തുണയ്ക്കാനെത്തുന്നത്. മോഡിയെ രണ്ടു തെറി പറഞ്ഞാല്‍ മാത്രം മതി മതനിരപേക്ഷക്കാരുടെ വോട്ടുകിട്ടാന്‍. അതു മനസിലാക്കാന്‍ കഴിയാത്തവരെ പാര്‍ട്ടിക്കു വേണ്ട. കുറഞ്ഞ പക്ഷം ഹിന്ദുക്കളെയെങ്കിലും തെറി വിളിക്കണം. തെറി കേട്ടാലേ ഹിന്ദുക്കള്‍ വോട്ടു ചെയ്യൂ. അവര്‍ അങ്ങനെയാണ്. പക്ഷേ, മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും അങ്ങനെയല്ല. ആരെങ്കിലും തന്തയ്ക്കു വിളിച്ചാല്‍ വിളിക്കുന്നവന്‍റെ കരണത്തു പൊട്ടിക്കും. ഹിന്ദു വിളിക്കുന്നവന്‍റെ കാല്‍ നക്കും. ചാനലുകളിലൂടെ എനിക്കു തന്തയില്ലേയെന്നു വിളിച്ചു പറയാന്‍ വരെ തയാറാവുന്നവരാണല്ലോ ഹിന്ദു എന്ന ജന്തു. അവനെ വെറുതേ വര്‍ഗീയവാദിയെന്നു വിളിച്ചാല്‍ മാത്രം മതി. മതനിരപേക്ഷക്കാരുടെ വോട്ടു കിട്ടും. മദനിയുടെ വോട്ടും കിട്ടും. സുന്നികളുടെ വഴക്കു തീര്‍ക്കാനും മുന്‍കൈ എടുക്കണം. മതം എന്നു കേള്‍ക്കുന്നതുപോലും അലര്‍ജിയായി കരുതണം. പക്ഷേ, അതു ഹിന്ദുമതത്തെക്കുറിച്ചാവുമ്പോള്‍ മാത്രം. അല്ലാതുള്ളവരെ കെട്ടിപ്പിടിക്കണം. ഇതൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് മുസ്‌ലിമായ അബ്ദുള്ളക്കുട്ടി മോഡിയെക്കുറിച്ചു മയപ്പെടുത്തി പറഞ്ഞത്. സഹിക്കാനൊക്കുമോ. പുറത്താക്കി. മദനിയുടെ പാര്‍ട്ടിയെ ലോക്‌സഭയിലെത്തിക്കാന്‍ തടസം കുറേ മാറിയ ലക്ഷണമാണ്. ഇനി സമാധാനമായി ശരിയത്തുകൂടി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ വിപ്ലവം പൂര്‍ണമാകും.

Thursday, February 19, 2009

കിണ്ണം കട്ടതാര്? അവനോ ഇവനോ?

ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല. കിണ്ണംകട്ടതു പിണറായിയോ യുഡിഎഫോ എന്നതാണ് ഇന്നത്തെ ചോദ്യം. ആരായാലും ശരി, ആരോ കട്ടിട്ടുണ്ടെന്നതു വാസ്തവം. ലാവ്‌ലിന്‍, ലാവ്‌ലിന്‍ എന്നു കേട്ടുതുടങ്ങിയിട്ടു നാളേറെയായി. ആരൊക്കെയോ പാവപ്പെട്ട മലയാളിയുടെ നികുതിപ്പണം കൊണ്ടു പുട്ടടിച്ചു എന്നതല്ലാതെ സാധാരണക്കാരന്‍ എന്തറിയാന്‍. ഇതു പോലും മനസിലാകാത്തവരുണ്ട് എന്നതിനു നവകേരള യാത്രയ്ക്ക് അണിഞ്ഞൊരുങ്ങിപ്പോയി സിന്ദാബാദ് വിളിക്കുന്നവര്‍ തന്നെ തെളിവ്.
എസ്എന്‍സി ലാവ്‌ലിന്‍ എന്ന വിവാദ കമ്പനിയാണു പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം പുതുക്കാത്തതുകൊണ്ടാണ് മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിക്കേണ്ട സഹായം പൂര്‍ണമായി ലഭിക്കാതിരുന്നതെന്നു ലാവ്‌ലിന്‍ ബുധനാഴ്ച അവരുടെ വെബ്സൈറ്റില്‍ വിശദീകരിച്ചു. (വാര്‍ത്താകേരളം ഡോട്കോമില്‍) മണിക്കൂറുകള്‍ക്കു മുമ്പാണു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതേ ആരോപണം ഉന്നയിച്ചതെന്നതാണ് ഏറെ ശ്രദ്ധേയം. പിണറായി പറഞ്ഞുതീരുംമുമ്പേ ലാവ്‌ലിന്‍ വെബ്സൈറ്റില്‍ ഇതേ കാര്യം പറയുകയും പാര്‍ട്ടി ചാനല്‍ കൊണ്ടാടുകയും ചെയ്തത് യാദൃച്ഛികമെന്നു കരുതണമെങ്കില്‍ അടിയുറച്ച സിപിഎം അണിയോ സിഐടിയു യൂണിയനില്‍ അംഗമാകാന്‍ കൊതിച്ചിരിക്കുന്നവരോ ആകണം. അല്ലെങ്കില്‍ ദേശാഭിമാനി മാത്രം വായിക്കുന്നവരായിരിക്കണം. അവര്‍ മറ്റൊന്നും വായിക്കാത്തതുകൊണ്ട് അതില്‍ കാണുന്നതു മാത്രമാണു സത്യം.

ലാവ്‌ലിനും പിണറായിയും തമ്മിലുള്ള ശക്തമായ ബന്ധമാണ് പുതിയ നീക്കം തെളിയിക്കുന്നതെന്നു യുഡിഎഫ് നേതാക്കള്‍ മാത്രമല്ല ചിന്തിച്ചു പോവുക. ലാവ്‌ലിന്‍ നല്‍കിയ വിശദീകരണപ്രകാരം 1998 ഏപ്രില്‍ 25-നാണ് 180 ദിവസത്തെ കാലാവധിയുമായി ധാരണാപത്രം ഒപ്പിട്ടത്. എന്നാല്‍ ഇതു തയാറാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം പുതുക്കിയില്ല. 2001-ല്‍ അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ധാരണാപത്രം പുതുക്കാന്‍ തയാറായില്ലെന്നും ഇതേത്തുടര്‍ന്നു കരാര്‍ അസാധുവാകുകയായിരുന്നെന്നുമാണു കമ്പനി പറയുന്നത്.
ആരു പറയുന്നതാണു സത്യം? അല്ല, സത്യം അറിയണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം?

Monday, February 2, 2009

അഞ്ഞൂറു രൂപയ്ക്കു ലാപ്‌ടോപ്പ്???

വന്നുവന്ന് ലാപ്‌ടോപ്പും വഴിവക്കില്‍ കൂട്ടിയിട്ടു വില്‍ക്കുന്ന സ്ഥിതിയാകുമെന്നു തോന്നുന്നു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ചെന്നെ ഐ. ഐ.ടി എന്നിവിടങ്ങളിലെ സയന്‍റിസ്റ്റുകള്‍ കണ്ടുപിടിച്ച പുതിയ ലാപ്‌ടോപ്പിനു വില അഞ്ഞൂറു രൂപയേ വരൂവത്രേ. ഫെബ്രുവരി മൂന്നിനു തിരുപ്പതിയില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ലാപ്‌ടോപ്പിനെ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണു വാര്‍ത്ത. (വാര്‍ത്താകേരളം ഡോട്ട് കോമില്‍) തിരുപ്പതിയിലെ സെമികണ്ടക്ടര്‍ കോംപ്ളക്സുമായി സഹകരിച്ചായിരിക്കും ഈ കുഞ്ഞന്‍ പിറക്കുക. 2 ജി.ബി മെമ്മറി (എക്സ്പാന്‍ഡബിള്‍), വൈഫൈ, ഈതര്‍നെറ്റ് സൌകര്യങ്ങളോടയാണു പുത്തന്‍കൂറ്റുകാരന്‍റെ വരവ്. 2 വാട്സ് പവറിലായിരിക്കും പുതിയ ലാപ്‌ടോപ് പ്രവര്‍ത്തിക്കുക. ഇക്കാരണത്താല്‍ താരതമ്യേന വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്ന ഗ്രാമപ്രദേശങ്ങളില്‍ ഇതു സുഗമമായി പ്രവര്‍ത്തിപ്പിക്കാനാവും. സോളാര്‍ വൈദ്യുതിയോ ഡൈനമയോ ഉപയോഗിച്ചു സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തിലും ഗവേഷണം നടക്കുന്നുണ്ട്. അതുകൂടി ശരിയായാല്‍ ആനന്ദലബ്ധിക്കിനിയെന്തു വേണം?

Friday, January 23, 2009

ഒരു ലാവ്‌ലിന്‍ കുലംകുത്തി

കാന്‍സര്‍ സെന്‍ററിനു കാശ് കിട്ടിയോ എന്നറിയില്ല. ഭെല്ലിനെ മറികടന്ന് വിദേശത്തെ എസ്എന്‍സി ലാവ്‌ലിന്‍ എന്ന ഭീമനുമായി കരാറുണ്ടാക്കിയതിലൂടെ സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടായെന്ന കണ്ടെത്തലും ഞങ്ങള്‍ക്കു പ്രശ്നമല്ല. തെരഞ്ഞെടുപ്പുകാലത്ത് കേസ് കുത്തിപ്പൊക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതു ശരിയാണോയെന്നതു മാത്രമാണു ചോദ്യം. പിണറായി വിജയനെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുന്ന സിപിഎം സംസ്ഥാന ഘടകത്തിന്‍റെയും പോളിറ്റ് ബ്യൂറോയുടെയും നിലപാടുകളാണു പറഞ്ഞത്. അല്ലാതെ എന്‍റെയല്ല.
തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കളികള്‍ ഏറെ കളിക്കുന്നവരാണു കോണ്‍ഗ്രസുകാരെന്നത് പുതിയ കാര്യമൊന്നുമല്ല. മദ്രസപഠനത്തെ മതേതര രാഷ്ട്രത്തിലെ ഔദ്യോഗിക പഠനമാക്കിയതു തന്നെ ഉദാഹരണം. അതു പോട്ടെ. വിഷയം വേറെയാണ്. ലാവ്‌ലിനെയും അങ്ങനെയാണു കോണ്‍ഗ്രസ് കാണുന്നതെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ബുദ്ധിജീവികളും പുരോഗമന വാദികളുമടക്കം വാക്കു കൊണ്ടും വാളുകൊണ്ടും പോരാടാന്‍ ആളിനു പഞ്ഞമില്ലാത്ത പാര്‍ട്ടിക്ക് എന്തു പറ്റിയെന്നറിയില്ല. പ്രതികരിക്കാനെത്തുന്നവരെല്ലാം ഒരു തരം മന്ദത ബാധിച്ചവരെപ്പോലെ. കണ്ണടച്ചാല്‍ ഇരുട്ടാകുമെന്ന ധാരണയിലാണു പുലമ്പലേറെയും. പിണറായി കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. അല്ലെങ്കില്‍ അതു കോടതിയില്‍ തെളിയിക്കട്ടെ. ഇങ്ങനെയൊരു നിലപാടെടുക്കുന്നതല്ലേ ഇടതുപക്ഷത്തെ ശക്തമായ പാര്‍ട്ടിക്കു നല്ലത്?
അതിനു പകരം കോണ്‍ഗ്രസിനെ മെക്കിട്ടു കേറിയിട്ടു കാര്യമുണ്ടോ? മായാവതിക്കെതിരേ അന്വേഷണം തുടങ്ങിയത് അവര്‍ യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതു കൊണ്ടാണെന്നും, മുലായത്തിനെതിരായ അന്വേഷണം നിര്‍ത്തിയത് അദ്ദേഹം പിന്തുണ നല്‍കിയതുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടിയാണു കോടിയേരിസഖാവ് ഉള്‍പ്പെടെയുള്ളവര്‍ പടയൊരുക്കം നടത്തുന്നത്. ആണവകരാറിനെച്ചൊല്ലി ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനു പ്രതികാരമാണത്രേ പിണറായിക്കെതിരായ അന്വേഷണം. (തെളിവു ഞങ്ങള്‍ക്കു പ്രശ്നമല്ല).അപ്പോള്‍ കുറേക്കാലമായി ലാവ്‌ലിന്‍ കേസ് അട്ടത്തിരുന്നതു പിന്തുണക്കാരെ സംരക്ഷിച്ചതുകൊണ്ടാണോയെന്നു കൂടി വ്യക്തമാക്കേണ്ടിവരും. അതു വരും ദിവസങ്ങളിലറിയാം.
ഈ വാചകക്കസര്‍ത്തുകളില്‍ ഏറെ ഇഷ്ടപ്പെട്ടത് ഇതൊന്നുമല്ല. ഒരു മുന്‍മന്ത്രിയെ പ്രതിയാക്കാന്‍ അനുമതി തേടിയെന്നേ വാര്‍ത്ത വന്നിരുന്നുള്ളൂ. അതു പിണറായിയാണെന്ന് ആരും പറയുകയോ അറിയുകയോ ചെയ്തിരുന്നില്ല. അപ്പോഴാണു കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞത്. അതോടെ സംഗതി നാറി. പിണറായി തന്നെ കക്ഷിയെന്നു നാട്ടില്‍ പാട്ടായി. ലാവ്‌ലിന്‍റെ നാള്‍വഴി വാര്‍ത്താകേരളത്തിലുണ്ട്. അതൊന്നു നോക്കിയാലറിയാം കേസ് തുടങ്ങിയത് യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ച ശേഷമാണോയെന്ന്. ഏതായാലും സഖാക്കള്‍ വിഷമിക്കേണ്ട. ഇതൊന്നും നമ്മെ ബാധിക്കില്ല. ഒഞ്ചിയവും ഷൊര്‍ണൂരും കഴിഞ്ഞ് അമ്പലപ്പുഴയിലും ചില കുലംകുത്തികളിറങ്ങിയിട്ടുണ്ടല്ലോ. മാധ്യമശ്രദ്ധ മാറ്റാന്‍ എന്തെങ്കിലും പൊടിക്കൈ ആലോചിക്കാം. ലാവ്‌ലിന്‍ പൊങ്ങിവരുമ്പോഴൊക്കെ പതിവുള്ളതാണല്ലോ അത്.